പാലയൂർ തീർഥകേന്ദ്രത്തിലെ കരോൾ അലങ്കോലപ്പെട്ട സംഭവം: പ്രതിഷേധം ഇരമ്പി; മാപ്പുതരില്ല പോലീസേ...
1490322
Friday, December 27, 2024 8:45 AM IST
സ്വന്തം ലേഖകൻ
ചാവക്കാട്: പാലയൂർ മാർതോമ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിലെ കരോൾഗാനാലാപനം അലങ്കോലമാക്കിയ ചാവക്കാട് പോലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് പാലയൂർ ഫൊറോനയുടെ നേതൃത്വത്തിൽ ഇന്നലെ വൈകീട്ട് വൻ പ്രതിഷേധമാർച്ചും പൊതുസമ്മേളനവും നടത്തി. വൈദികരും കന്യാസ്ത്രീകളും സ്ത്രീകളും പുരുഷൻമാരുമായി വൻജനാവലി അണിനിരന്നു. പാലയൂർ തീർഥകേന്ദ്രത്തിൽനിന്നാരംഭിച്ച പ്രതിഷേധ മാർച്ച് ആർച്ച്പ്രിസ്റ്റ് റവ.ഡോ. ഡേവിസ് കണ്ണമ്പുഴ ഫ്ലാഗ് ഓഫ് ചെയ്തു. ടൗൺ ചുറ്റി താലൂക്ക് ഓഫീസ് പരിസരത്തു സമാപിച്ചു.
തുടർന്നുനടന്ന പൊതുയോഗം കാത്തോലിക്ക കോൺഗ്രസ് അതിരൂപത പ്രസിഡന്റ് ഡോ. ജോബി കാക്കശേരി ഉദ്ഘാടനം ചെയ്തു. റവ.ഡോ. ഡേവിസ് കണ്ണമ്പുഴ അധ്യക്ഷനായിരുന്നു. പി.ഐ. ലാസർ മാസ്റ്റർ, തോമസ് ചിറമ്മൽ, ജോഷി കൊമ്പൻ, ഫാ. മിഥുൻ ചുങ്കത്ത്, ഫാ. ഡേവിസ് പുലിക്കോട്ടിൽ, സേവ്യർ വാകയിൽ എന്നിവർ പ്രസംഗിച്ചു.
ക്രിസ്മസ് കരോൾഗാനപരിപാടി അലങ്കോലമാക്കിയ പോലീസ് ഉദ്യോഗസ്ഥരെ മാറ്റിനിർത്തി അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നു മേഴ്സി ജോയ് അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു.
ട്രസ്റ്റിമാരായ ഫ്രാൻസീസ് ചിരിയങ്കണ്ടത്ത്, ചാക്കോ പുലിക്കോട്ടിൽ, പി.എ. ഹൈസൺ, സെക്രട്ടറിമാരായ ബിജു മുട്ടത്ത്, ബിനു താണിക്കൽ, മാതൃവേദി പ്രസിഡന്റ് ബീന ജോഷി, കൗൺസിലർമാരായ ജോയ്സി ആന്റണി, ബേബി ഫ്രാൻസീസ് തുടങ്ങിയവർ നേതൃത്വം നൽകി.