തൃശൂർ മേയർക്കു ബിജെപിയുടെ കേക്ക്: സിപിഎമ്മിനെതിരേ അനിൽ അക്കര
1490312
Friday, December 27, 2024 8:45 AM IST
തൃശൂർ: കോർപറേഷൻ മേയർ എം.കെ. വർഗീസുമായി കൂടിക്കാഴ്ച നടത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ കേക്ക് നൽകിയതിൽ സിപിഎമ്മിനെ വിമർശിച്ച് കോണ്ഗ്രസ് നേതാവ് അനിൽ അക്കര.
തൃശൂർ മേയറെ വീട്ടിൽ പോയിക്കണ്ട് കേക്ക് കൊടുത്ത ബിജെപിയുടെ രാഷ്ട്രീയം ആർക്കു മനസിലായാലും തൃശൂരിലെ സിപിഎമ്മിനു മനസ്സിലാകില്ലെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ അനിൽ അക്കര പറഞ്ഞത്.
കൂടിക്കാഴ്ച രാഷ്ട്രീയപരം
അല്ലെന്നു സുരേന്ദ്രൻ
ബിജെപിയുടെ സ്നേഹസന്ദേശയാത്രയുടെ ഭാഗമായാണ് കെ. സുരേന്ദ്രൻ ക്രിസ്മസ് കേക്കുമായി എത്തി തൃശൂർ മേയറുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച രാഷ്ട്രീയപരമല്ലെന്നും സ്നേഹത്തിന്റെ സന്ദർശനംമാത്രമാണെന്നും സുരേന്ദ്രൻ മാധ്യമങ്ങളോടു പ്രതികരിച്ചു. കഴിഞ്ഞ നാലുവർഷമായുള്ള പതിവാണ്. ക്രിസ്മസ് പരസ്പരം മനസിലാക്കലിന്റെയും സമാധാനത്തിന്റെയും ആഘോഷമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
ക്രിസ്മസ് ദിവസം ആരുവന്നാലും
സ്വീകരിക്കും: മേയർ
ക്രിസ്മസ് ദിവസം തന്റെ വസതിയിൽ ആരുവന്നാലും സ്വീകരിക്കുമെന്നും ക്രിസ്മസ് സ്നേഹത്തിന്റെ ദിവസമാണെന്നും മേയർ എം.കെ. വർഗീസ്. മറ്റൊരു ചിന്തയും ഇല്ലെന്നും കൂട്ടിച്ചേർത്ത മേയർ, ബിജെപി സംസ്ഥാന അധ്യക്ഷൻ വന്നതിൽ സന്തോഷമെന്നും പറഞ്ഞു.
എഫ്ബി പോസ്റ്റ്:
കേരളത്തിലെ, ഒരേയൊരു മേയർക്കു കേക്ക് കൊടുത്ത് ബിജെപി പ്രസിഡന്റ്.
കേരളത്തിലെ ആറു കോർപറേഷനുകളിൽ കണ്ണൂർ ഒഴിച്ച് ബാക്കി അഞ്ചും സിപിഎം മേയർമാരാണ്. അവിടെയൊന്നും പോകാതെ, കോഴിക്കോട്ടെ സ്വന്തം മേയർക്കുപോലും നൽകാതെ തൃശൂർ മേയറെ വീട്ടിൽ പോയി കണ്ട് കേക്ക് കൊടുത്ത ബിജെപിയുടെ രാഷ്ട്രീയം ആർക്കു മനസിലായാലും തൃശൂരിലെ സിപിഎമ്മിനു മനസിലാകില്ല. അത് ഒട്ടകപ്പക്ഷിയുടെ തല മണ്ണിൽ പൂഴ്ത്തിയതുപോലെയാണ്.