ചാറ്റിലാംപാടത്തെ കര്‍ഷകര്‍ മുണ്ടകന്‍കൃഷി ഉപേക്ഷിച്ചു
1489802
Tuesday, December 24, 2024 7:41 AM IST
കൊടകര: കൃഷിക്കാവശ്യമായ വെള്ളം ലഭ്യമാക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയില്ലാത്തതിനെ തുടര്‍ന്ന് ചാറ്റിലാംപാടത്തെ കര്‍ഷകര്‍ മുണ്ടകന്‍ കൃഷി ഉപേക്ഷിച്ചു. കൊടകര, മറ്റത്തൂര്‍ കൃഷിഭവനുകളുടെ പരിധിയിലായി അമ്പതേക്കറോളം വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന പാടശേഖരം കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ഇതാദ്യമായാണ് മുണ്ടകന്‍ വിളയില്ലാതെ തരിശുകിടക്കുന്നത്.
ചാലക്കുടി ജലസേചന പദ്ധതിക്കു കീഴിലെ വലതുകര കനാലിന്റെ മേച്ചിറ ഭാഗത്തു നിന്ന് ആരംഭിക്കുന്ന ആറേശ്വരം കാവനാട് ഉപകനാല്‍ വഴിയാണ് ചാറ്റിലാംപാടത്തേക്ക് കൃഷിക്കാവശ്യമായ വെള്ളം എത്തേണ്ടത്. ഇരുപതു ദിവസം കൂടുമ്പോള്‍ നാലു ദിവസത്തേക്ക് ആറേശ്വരം കാവനാട് ഉപകനാലിലേക്ക് വെള്ളം തുറന്നുവിടാനാണ് അധികൃതരുടെ തീരുമാനമുള്ളത്. ഇങ്ങനെ വെള്ളം തുറന്നുവിട്ടാല്‍ ചാറ്റിലാംപാടത്തേക്ക് ജലസേചനത്തിന് ആവശ്യമായതോതില്‍ വെള്ളം എത്താനിടയില്ലെന്നതിനാലാണ് ഇത്തവണ കര്‍ഷകര്‍ മുണ്ടകന്‍ കൃഷിയില്‍ നിന്ന് പിന്മാറിയത്.
കഴിഞ്ഞ വര്‍ഷം ഇവിടെ മുണ്ടകന്‍ ഇറക്കിയിരുന്നെങ്കിലും കനാല്‍വെള്ളം കിട്ടാത്തിനാല്‍ പല കര്‍ഷകരുടേയും നെല്‍ച്ചെടികള്‍ ഉണങ്ങി പോയിരുന്നു. കതിരുവന്ന സമയത്ത് വെള്ളം കിട്ടാതെ വന്നതിനാല്‍ കനത്ത നഷ്ടമാണ് കര്‍ഷകര്‍ നേരിട്ടത്. അടുത്ത കാലം വരെ ആണ്ടില്‍ മൂന്നുപൂവ് കൃഷിയിറക്കിയിരുന്ന ചാറ്റിലാംപാടത്ത് മുണ്ടകന്‍ വിള ഇറക്കാതായതോടെ ഒന്നാം വിളയായ വിരിപ്പുമാത്രം ഇറക്കുന്ന പാടശേഖരമായി ചാറ്റിലാംപാടം മാറുകയാണ്.