പാലപ്പിള്ളി തോട്ടത്തില്‍ വീണ്ടും പുലിയിറങ്ങി
1490313
Friday, December 27, 2024 8:45 AM IST
പാലപ്പിള്ളി: പുതുക്കാട് റബര്‍തോട്ടത്തില്‍ ഇറങ്ങിയ പുലിയുടെ മുന്നില്‍പ്പെട്ട തോട്ടം തൊഴിലാളികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
ഇന്നലെ രാവിലെ ആറുമണിക്കാണ് തോട്ടത്തില്‍ പുലിയിറങ്ങിയത്. തൊഴിലാളികളായ ചുങ്കന്വീട്ടില് ജോസ്, ഭാര്യ സോളി, പണിക്കവളപ്പില്‍ ബിനീഷ്, ഭാര്യ പ്രിയ എന്നിവരാണ് പുലിയെകണ്ട് ഭയന്നോടിയത്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് ഈ പ്രദേശത്ത് പുലിയിറങ്ങുന്നത്.
രണ്ടുദിവസം മുമ്പ് തൊഴിലാളികളുടെ പാഡിക്ക് പിന്നില്‍നിന്ന പശുക്കുട്ടിയെ പുലി ആക്രമിച്ചുകൊന്നു. തൊട്ടടുത്തദിവസം രാത്രിയില്‍ റോഡ് മുറിച്ചുകടന്ന പുലിയെ ബൈക്ക് യാത്രികന് കണ്ടു. കവരംപിള്ളി, പിള്ളത്തോട് പ്രദേശത്തും നാട്ടുകാര്‍ പുലിയെ കണ്ടതായി പറയുന്നു. പകല്‍സമയത്ത് തോട്ടത്തില്‍ പുലിയെ കണ്ടതോടെ തൊഴിലാളികള്‍ ഏറെ ഭീതിയിലാണ്. എത്രയുംവേഗം പുലിയെ പിടികൂടുന്നതിനുള്ള കൂട് സ്ഥാപിക്കമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.