പ്രത്യാശയുടെ സന്ദേശം
1489806
Tuesday, December 24, 2024 7:41 AM IST
പ്രത്യാശയുടെ സന്ദേശമാണു ക്രിസ്മസ് നൽകുന്നത്. യേശുക്രിസ്തുവിന്റെ ജനനസമയത്ത് ദൈവദൂതൻ ആട്ടിടയർക്കു നൽകിയ സന്ദേശം ഇതാണ്: "ഇതാ, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു ഇന്നു ജനിച്ചിരിക്കുന്നു (ലൂക്ക. 2:10-11)'. ഭൂമിയിൽ സന്മനസുള്ള എല്ലാവർക്കും രക്ഷകന്റെ ജനനം സമാധാനമാണു നൽകുന്നത്. രക്ഷകന്റെ ജനനത്തിന്റെ ഈവർഷം ഫ്രാൻസിസ് മാർപാപ്പ ജൂബലി വർഷമായിട്ടാണു പ്രഖ്യാപിച്ചിരിക്കുന്നത്. പ്രത്യാശയുടെ തീർഥാടകരാകുകയെന്നതാണു പാപ്പ നൽകിയ മുദ്രാവാക്യം.
ഈ ഭൂമിയിൽ തീർത്ഥാടകരായ നമ്മുടെ പ്രത്യാശയുടെ അടിസ്ഥാനം ദൈവസ്നേഹമാണ്. ഇന്ന് വളരെയധികം പ്രതിസന്ധികളും ദുഃഖങ്ങളും വെല്ലുവിളികളും മനുഷ്യൻ നേരിടുന്നു. യുദ്ധങ്ങൾ, പ്രകൃതിദുരന്തങ്ങൾ, മനുഷ്യന്റെ സ്വത്തി നും ജീവനും സുരക്ഷിതമല്ലാത്ത അവസ്ഥ, മനുഷ്യാവകാശ ലംഘനങ്ങൾ തുടങ്ങി പലതുമിന്ന് വലിയ വെല്ലുവിളിയുയർത്തുന്നു. ഇവിടെയാണ് കുരിശിനെ കിരീടമാക്കി മാറ്റിയ ഈശോയുടെ ജനനം നൽകുന്ന പ്രത്യാശ ആശ്രയമാകുന്നത്.
ഈശോയെക്കുറിച്ചു ബിസി എട്ടാം നൂറ്റാണ്ടിൽ ഏശയ്യാ പ്രവാചകന്റെ വാക്കുകൾ പ്രത്യാശയുടെ സന്ദേശം നൽകുന്നു. "നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. സമാധാനത്തിന്റെ രാജാവ് എന്നവൻ വിളിക്കപ്പെടും'(ഏശ. 9:6). ദൈവസ്നേഹത്തിൽ അധിഷ്ഠിതമായ പ്രത്യാശയിൽനിന്നും സംജാതമാകുന്ന സമാധാനത്തിന്റെ ക്രിസ്മസും നവവത്സരവും ഏവർക്കും ആശംസിക്കുന്നു.
മാർ ആൻഡ്രൂസ് താഴത്ത്
(തൃശൂർ ആർച്ച്ബിഷപ്,
പ്രസിഡന്റ്, സിബിസിഐ)