തൃശൂരിൽ ഇന്നു പാപ്പാപ്പൂരം
1490325
Friday, December 27, 2024 8:45 AM IST
തൃശൂർ: സാംസ്കാരിക നഗരിയുടെ തിലകക്കുറിയായി മാറിയ, തൃശൂരിന്റെ സ്വന്തം ക്രിസ്മസ് ആഘോഷമായ ബോൺ നത്താലെയ്ക്ക് ഇനി മണിക്കൂറുകളുടെ കാത്തിരിപ്പുമാത്രം. നഗരത്തിന്റെ ഹൃദയഭൂമിയിൽ ക്രിസ്മസ് പാപ്പമാർ ചുവടുവയ്ക്കും. ആയിരമോ രണ്ടായിരമോ അല്ല പതിനായിരത്തിൽപ്പരം പാപ്പമാരാണ് ഒരേസമയം ഒരേമനസോടെയും ഒരേ ചുവടുകളുമായും സ്വരാജ് റൗണ്ടിനെ വലംവച്ച് നഗരത്തെ ചുവപ്പുകടലാക്കി മാറ്റുക.
തൃശൂർ അതിരൂപതയുടെയും പൗരാവലിയുടെയും സംയുക്താഭിമുഖ്യത്തിൽ അരങ്ങേറുന്ന ജില്ലയുടെതന്നെ ക്രിസ്മസ് ആഘോഷങ്ങളുടെ സമാപനറാലിയിൽ ജില്ലയ്ക്കകത്തുനിന്നും പുറത്തുനിന്നുമായി പതിനായിരങ്ങൾ നഗരത്തിലേക്ക് ഒഴുകിയെത്തും. അതിരൂപതയ്ക്കുകീഴിലുള്ള 110 ഓളം ഇടവകകളിൽനിന്നായി പരിശീലനം പൂർത്തിയാക്കിയ ക്രിസ്മസ് പാപ്പാമാർ ഇന്നുച്ചയോടെ നഗരത്തിലെത്തും. തുടർന്ന് സെന്റ് മേരീസ് കോളജ്, സേക്രഡ് ഹാർട്ട് സ്കൂൾ എന്നിവിടങ്ങളിൽ നടക്കുന്ന രജിസ്ട്രേഷനും അവസാനവട്ടപരിശീലനത്തിനുംശേഷം അഞ്ചോടെ നഗരവീഥികൾ കീഴടക്കാൻ പാപ്പാറാലി റൗണ്ടിൽ പ്രവേശിക്കും.
കേന്ദ്രമന്ത്രിമാരായ കിരണ് റിജിജു, സുരേഷ്ഗോപി, സിബിസിഐ പ്രസിഡന്റും തൃശൂർ ആർച്ച്ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത്, മേയർ എം.കെ. വർഗീസ്, മന്ത്രിമാരായ അഡ്വ. കെ. രാജൻ, പ്രഫ. ആർ. ബിന്ദു, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, പി. ബാലചന്ദ്രൻ എംഎൽഎ, അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, കൽദായ മെത്രാപ്പോലീത്ത മാർ ഔഗിൻ കുരിയാക്കോസ്, യാക്കോബായ സുറിയാനിസഭ തൃശൂർ അധ്യക്ഷൻ ഡോ. കുര്യാക്കോസ് മോർ ക്ലീമിസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, കളക്ടർ അർജുൻ പാണ്ഡ്യൻ, പോലീസ് മേധാവി ആർ. ഇളങ്കോ എന്നിവർ ചേർന്ന് റാലി ഫ്ലാഗ് ഓഫ് ചെയ്യും. ചെറുതും വലുതുമായ ഇരുപതിൽപ്പരം ഫ്ലോട്ടുകൾ റാലിക്കു കൊഴുപ്പേകും.
പതിവുപോലെ ബൈക്കിലും സ്കേറ്റിംഗിലുമായി 300 വീതം ക്രിസ്മസ്പാപ്പാമാരും അവർക്കു പിറകിൽ ഭിന്നശേഷിക്കാരായ വീൽചെയറിലുള്ള പാപ്പാമാരും മാലാഖമാരും വിശിഷ്ടാതിഥികളും റാലിയിൽ അണിചേരും. ഈണത്തിനൊപ്പം താളമിട്ടവർ നഗരത്തെ വലംവയ്ക്കും. സെന്റ് തോമസ് കോളജ് പരിസരത്തെത്തി ബോൺ നത്താലെ സമാപിക്കും.
ഗതാഗതനിയന്ത്രണം
ബോൺ നത്താലെയോടനുബന്ധിച്ച് ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടുമുതൽ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും.
സ്വരാജ് റൗണ്ടിലും സമീപറോഡുകളിലും രാവിലെ മുതൽ പാർക്കിംഗ് അനുവദിക്കുന്നതല്ല.
ഡ്രോൺ കാമറ
നിരോധനം
സുരക്ഷാമുൻകരുതലുകളുടെ ഭാഗമായി ഇന്നു രാവിലെ എട്ടുമുതൽ നാളെരാവിലെ എട്ടുവരെ സ്വരാജ് റൗണ്ട്, തേക്കിൻകാട് മൈതാനം എന്നിവിടങ്ങളിൽ ഡ്രോൺ, ഡ്രോൺ കാമറയുടെ ഉപയോഗം നിരോധിച്ചതായി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
താത്കാലിക റെഡ് സോണായി പ്രഖ്യാപിച്ച ഇവിടങ്ങളിൽ നിരോധനം ലംഘിക്കുന്നവർക്കെതിരേ കർശനനിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.