"വിളക്കുമരം' നാളെ അരങ്ങേറും
1489869
Wednesday, December 25, 2024 12:53 AM IST
കൊടകര: പന്തല്ലൂര്‍ സ്വദേശികള്‍ അരങ്ങിലും അണിയറയിലും നിറയുന്ന "വിളക്ക് മരം' നാടകം നാളെ പന്തല്ലൂരില്‍ അവതരിപ്പിക്കും. പന്തല്ലൂര്‍ നവരത്ന കലാസമിതിയുടെ 61-ാം വാര്‍ഷികത്തോടനുബന്ധിച്ചാണു നാടകം അരങ്ങേറുന്നത്. അരങ്ങിലും അണിയറയിലും പ്രവര്‍ത്തിക്കുന്നത് പൂര്‍ണമായും പന്തല്ലൂര്‍ നിവാസികളാണ് എന്നതാണ് ഈ നാടകത്തിനന്റെ സവിശേഷത.
പന്തല്ലൂര്‍ സ്വദേശി കെ.ആര്. അനീഷ്രാജ് രചിച്ച് ആര്‍എല്‍വി സുഭാഷ്പന്തല്ലൂര് സംവിധാനം ചെയ്യുന്നതാണ് വിളക്ക് മരം.
ആഴ്ചകളായുള്ള പരിശീലനത്തിലൂടെ ഈ നാടകത്തെ അവിസ്മരണീയമാക്കി മാറ്റാനുള്ള തയാറെടുപ്പിലാണു നാടക പ്രേമികളായ ഒരു പറ്റം കലാകാരന്മാര്.
പന്തല്ലൂര്‍ എസ്എന്‍ഡിപി ഹാളിലും മുല്ലോര്‍ളി ക്ഷേത്ര ഊട്ടുപുരയിലുമായാണ് റിഹേഴ്സല്‍ നടന്നുവരുന്നത്. അമേച്വര്‍ നാടകങ്ങളിലൂടെ മികവു തെളിയിച്ചവരാണ് അഭിനേതാക്കളില്‍ പലരും. ഡോ. കെ.പി. രഘുനാഥന്, സജേഷ്കുമാര്‍, ഉണ്ണികൃഷ്ണന് പെരുമറത്ത്, കെ.ടി. രേഖ, കെ.ആര്. രമ്യ, ദീപക് നാരായണന്, കെ.എസ്. ബൈജു, നക്ഷത്ര ബൈജു എന്നിവരാണ് അഭിനയിക്കുന്നത്.
നാടക രചയിതാവ് അനീഷ് രാജും സംവിധായകനായ ആര്‍എല്‍വി സുഭാഷും ഇതില്‍ വേഷമിടുന്നുണ്ട്. സജേഷ്കുമാര്‍ കണ്‍വീനറും ഉണ്ണികൃഷ് ണന് പെരുമറത്ത് പ്രസിഡന്റും കെ.ആര്. അനീഷ്രാജ് സെക്രട്ടറിയുമായ നവത്ന കലാസമിതിയാണ് വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറുന്ന നാടകത്തിനു നേതൃത്വം നല്‍കുന്നത്.
കെ. ആര്. അരുണ്‍, സഞ്ജയ് നാരായണന് എന്നിവര്‍ ശബ്ദനിയന്ത്രണവും തിലകന് പുലക്കാട്ടുകര പ്രകാശനിയന്ത്രണവും നിര്‍വഹിക്കും. ഉണ്ണികൃഷ്ണന് പെരുമറത്ത് ആണ് രംഗപടമൊരുക്കുന്നത്. നാളെ വൈകുന്നേരം 7.30ന് പന്തല്ലൂര്‍ നവരത്ന കലാസമിതി അങ്കണത്തില്‍ നാടകം അരങ്ങേറും.