നുണയാം മധുരം.., പകരാം സ്നേഹം
1489812
Tuesday, December 24, 2024 7:41 AM IST
സി.ജി. ജിജാസൽ
തൃശൂർ: ക്രിസ്മസ്- പുതുവത്സരകാലം രുചിവൈവിധ്യം സമ്മാനിക്കുന്ന കേക്കുകളുടെയും കാലമാണ്. പ്ലം കേക്ക് മുതൽ ഫെറെറോ റോച്ചർ കേക്കുകൾ വരെ വിപണികൾ സജീവം. കാലമെത്രപിന്നിട്ടാലും ഒരിക്കൽ പോലും കാലിടറാതെ മുന്നോട്ടുകുതിക്കുന്ന കേക്ക് വിപണിയിൽ നൊസ്റ്റാൾജിയ ഉണർത്തുന്ന പ്ലം കേക്കുകൾക്കുതന്നെയാണ് ഈ വർഷവും ആവശ്യക്കാരേറെ. സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ ആരംഭിക്കുന്ന ഇവയിൽ മാജിക് പ്ലം, റിച്ച് പ്ലം, സ്കോട്ടിഷ് പ്ലം, റം ആൻഡ് റൈസം പ്ലം തുടങ്ങിയ രുചിഭേദങ്ങൾ ഒരുക്കിയാണ് കേക്ക് നിർമാതാക്കൾ ക്രിസ്മസ് വിപണിയിലെത്തുന്നത്.
കിലോയ്ക്ക് 150 രൂപ മുതൽ ആരംഭിക്കുന്ന കേക്ക് വിപണിയിൽ ആയിരങ്ങൾ വിലമതിക്കുന്ന കേക്കുകകൾക്കും ഏറെ ആവശ്യക്കാരുണ്ട്. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഡിസംബർ ആദ്യവാരം മുതൽതന്നെ വീടുകളിലും ഓഫീസുകളിലും ആഘോഷപരിപാടികളുടെ ഭാഗമാകുന്നവരും കൈമാറുന്ന ഈ മധുരം പ്രത്യേക സന്തോഷമാണ് നൽകുന്നത്. കിലോയ്ക്ക് 990 രൂപ വില വരുന്ന രസ്മലായ്, സ്പാനിഷ് ഡിലൈറ്റ്, ക്രഞ്ചി ബട്ടർസ്കോച്ച്, 850 മുതൽ 980 വരെ വിലവരുന്ന വാഞ്ചോ കേക്കുകൾ, 1,300 രൂപയുള്ള ലോട്ടസ് ബിസ്കോഫ്, 1,490 രൂപവരുന്ന ഫെറെറോ റോച്ചർ അടക്കം വ്യത്യസ്തവും വൈവിധ്യങ്ങളുമായ കേക്കുകളും വിപണിയിൽ ചൂടപ്പങ്ങളാണ്.
മുൻകാലങ്ങളിൽ കാർട്ടൂണ്‍ കഥാപാത്രങ്ങളും ഫ്രൂട്ട്സും ഫുട്ബോളും അടക്കം വ്യത്യസ്ത ഡിസൈനുകളിൽ കേക്കുകൾ വിപണിയിലെത്താറുണ്ട്. ഇപ്പോൾ അത്തരം കേക്കുകൾ പ്രത്യേകം ആവശ്യപ്പെട്ടെങ്കിൽ മാത്രമേ ബേക്കറികളിൽ ഒരുക്കുന്നുള്ളൂ. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ തിരക്കു കൂടുതലാണെന്നും കച്ചവടക്കാർ പറഞ്ഞു.