നിസഹായന്റെ പക്ഷംചേരുക
1489808
Tuesday, December 24, 2024 7:41 AM IST
ബഹുമുഖമായ സംഭവവികാസങ്ങളുടെ മധ്യേയാണ് ഈ വർഷത്തെ ക്രിസ്മസ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മനുഷ്യർ നേരിടുന്ന വ്യത്യസ്തങ്ങളായ പ്രശ്നങ്ങളും പ്രതിസന്ധികളും സങ്കടങ്ങളും ക്ലേശങ്ങളും നമ്മുടെ ഹൃദയത്തെ നൊമ്പരപ്പെടുത്തുന്നുണ്ട്.
കേരളത്തിൽ മലയോര മേഖലയിലെ മനുഷ്യരുടെ നീറുന്ന പ്രശ്നങ്ങളും വന്യജീവി ആക്രമണങ്ങളും മുനമ്പത്തെ പാവപ്പെട്ട മനുഷ്യരുടെ നീതിക്കുവേണ്ടിയുള്ള (വില കൊടുത്തുവാങ്ങിയ സ്വന്തം ഭൂമിയുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനുള്ള) സമരവും നമ്മെ വളരെയധികം സങ്കടപ്പെടുത്തുന്നതാണ്. ജീവനും സ്വത്തിനും ജീവിക്കാനുള്ള അവകാശത്തിനുംവേണ്ടി നടക്കുന്ന സമരപോരാട്ടങ്ങൾ ക്രിസ്തുവിന്റെ ജീവിത സഹനങ്ങളോടുചേർത്ത് വായിക്കേണ്ടതാണ്.
രണ്ടായിരം വർഷങ്ങൾക്കുമുമ്പ് ജനിച്ച യേശുവിന്റെ സഹനാനുഭവങ്ങളോട് ഇന്നത്തെ സമരങ്ങൾക്ക് സാമ്യത കൽപ്പിക്കാൻ സാധിക്കും. സത്രത്തിൽ പിറക്കാൻ ഇടംലഭിക്കാത്ത ഉണ്ണിയേശുവിന്റെ നിസഹായതയും പ്രാണരക്ഷാർഥം അഭയാർഥിയെപോലെ അലയേണ്ടി വന്ന അവസ്ഥയും സമൂഹത്തിൽനിന്നും അധികാര വ്യവസ്ഥകളിൽ നിന്നും അനുഭവിച്ച വേദനകളുടെ പ്രതീകമായി നിലകൊള്ളുന്നു. പാവപ്പെട്ടവരോടും വേദനയനുഭവിക്കുന്നവരോടും അവകാശങ്ങൾ നിഷേധിക്കപ്പെടുന്നവരോടും പക്ഷംചേരാനും (ലൂക്ക 4:18 -21) അവരുടെ നിസഹായാവസ്ഥയിൽ താങ്ങാകാനും സാധിക്കുമ്പോഴാണ് യഥാർഥക്രിസ്മസ് ആഘോഷത്തിന്റെ ചൈതന്യം കൈവരിക്കാനാവുക.
മാനവികതയുടെ, കൂട്ടായ്മയുടെ, സ് നേഹത്തിന്റെ സന്ദേശം പകരാനുള്ള അവസരമായി ക്രിസ്മസ് മാറട്ടെ. ഏവർക്കും കൃപനിറഞ്ഞ ക്രിസ്മസ് ആശംസകൾ.
ഡോ. അംബ്രോസ്
പുത്തൻവീട്ടിൽ
(കോട്ടപ്പുറം രൂപത മെത്രാൻ)