കേരള കോണ്‍ഗ്രസ് പ്രതിഷേധം കാട്ടൂരില്‍
1489803
Tuesday, December 24, 2024 7:41 AM IST
കാട്ടൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ തലതിരിഞ്ഞ സമീപനം കാട്ടൂര്‍ താന്യം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുനയം റഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതിയെ തകര്‍ത്തതായി മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് അഡ്വ.തോമസ് ഉണ്ണിയാടന് പറഞ്ഞു. കേരള കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 24 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചതും ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതുമാണ്. എന്നാല്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതുമൂലം ഇപ്പോള്‍ പദ്ധതി നഷ്ടപ്പെട്ട അവസ്ഥയിലാണെന്നും ഉണ്ണിയാടന് പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് അഷറഫ് പാലിയത്തറ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ്, നിയോജകമണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍, സിജോയ് തോമസ്, കെ. സതീഷ്, സേതുമാധവന്, ജേക്കബ് പാലത്തിങ്കല്‍, അശോകന് പിഷാരടി, ലിജോ, ഷോബി പള്ളിപ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു.