ഡോ. ജോബി തോമസിന്റെ ശിഷ്യർ ഒത്തുചേർന്നു
1489797
Tuesday, December 24, 2024 7:41 AM IST
തൃശൂർ: സെന്റ് തോമസ് കോളജിലെ മുൻ വൈസ് പ്രിൻസിപ്പലും റിസർച്ച് കോ-ഓർഡിനേറ്ററും രസതന്ത്രവിഭാഗം മേധാവിയുമായിരുന്ന ഡോ. ജോബി തോമസ് കാക്കശേരിയുടെ കീഴിൽ ഗവേഷണംനടത്തി പിഎച്ച്ഡി നേടിയവർ ഒത്തുചേർന്നു. സെന്റ് തോമസ് കോളജിലെ രസതന്ത്രവിഭാഗത്തെ ഗവേഷണ ഡിപ്പാർട്ട്മെന്റായി വികസിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചയാളാണ് ഡോ. ജോബി തോമസ്.
സ്വകാര്യ കോളജുകളിൽ 11 പിഎച്ച്ഡിക്കാരെ സൃഷ്ടിക്കുകയെന്നത് അപൂർവമാണ്. 2014ൽ ആദ്യത്തെ ഗവേഷണ വിദ്യാർഥിയായ ദേശീയ, സംസ്ഥാന അധ്യാപക അവാർഡ് ജേതാവും കാൽഡിയൻ സിറിയൻ സ്കൂൾ പ്രിൻസിപ്പലുമായ ഡോ. അബി പോളിന് പിഎച്ച്ഡി ലഭിച്ചു. വിവിധ കോളജുകളിലെ പ്രഫസർമാ രായ ഡോ. പി. വിനോദ് റാഫേൽ, ഡോ. കെ.എസ്. ഷാജു, ഡോ. നിമ്മി കുരിയാക്കോസ്, ഡോ. ബിൻസി എം. പോൾസണ്‍, ഡോ. സി. സിനി വർഗീസ്, ഡോ. റീജ ജോണ്സണ്, ഡോ. കെ. രാഗി, ഡോ. കെ. വിദ്യ തോമസ്, ഡോ. എൻ. രമേശ് ബാബു, സിസ്റ്റർ ഡോ. ഷാൻമരിയ എന്നിവരാണ് മറ്റു പത്തുപേർ.
വിരമിച്ചശേഷം ഇപ്പോൾ ഡോ. ജോബി അമല മെഡിക്കൽ കോളജിൽ സീനിയർ സയന്റിഫിക് റിസർച്ച് ഓഫീസർ, ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്നീ പദവികൾ വഹിക്കുകയാണ്. കാലിക്കട്ട് യൂണിവേഴ്സിറ്റിയിലെ മികച്ച അധ്യാപകനുള്ള എം.എം. ഗനി അവാർഡും 2011ൽ അന്താരാഷ്ട്ര രസതന്ത്രവർഷത്തിൽ മികച്ച രസതന്ത്ര അധ്യാപകനുള്ള ദേശീയ അവാർഡും സെന്റ് തോമസ് കോളജിലെ മികച്ച ഗവേഷകനുള്ള പ്രഥമ അവാർഡും ഇദ്ദേഹം നേടിയിട്ടുണ്ട്. തൃശൂർ അതിരൂപത പാസ്റ്ററൽ കൗണ്‍സിൽ അംഗവും കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റുമാണു ഡോ. ജോബി.