ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ; ബോണ്‍ നത്താലെ 27 ന്
1489874
Wednesday, December 25, 2024 12:53 AM IST
സി.ജി. ജിജാസൽ
തൃശൂർ: കണ്ണുകളെ ആശ്ചര്യപ്പെടുത്തുന്ന, മനസുകളെ കോരിത്തരിപ്പിക്കുന്ന, നാടിന്റെ അഭിമാനം വാനോളം ഉയർത്തുന്ന നയനമനോഹര കാഴ്ചകൾക്കും ക്രിസ്മസ് പാപ്പാമാരുടെ സംഗമത്തിനും വേദിയൊരുക്കുന്ന തൃശൂരിന്റെ സ്വന്തം ബോണ്‍ നത്താലെയ്ക്ക് രണ്ടുനാൾമാത്രം ബാക്കി.
ജില്ലയുടെതന്നെ ക്രിസ്മസ് ആഘോഷങ്ങൾക്കു സമാപനംകുറിക്കുന്ന ആഘോഷത്തിന് അതിരൂപതയ്ക്കുകീഴിലുള്ള 110 ഇടവകകളും ഒരുങ്ങിക്കഴിഞ്ഞു. ചടുലനൃത്തച്ചുവടുകളോടെ സ്വരാജ് റൗണ്ട് കീഴടക്കാനായി ക്രിസ്മസ് പാപ്പാമാർ ഇതിനോടകംതന്നെ പരിശീലനവും പൂർത്തീകരിച്ചു.
ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിൽ വെള്ളിയാഴ്ചയാണ് പതിനായിരത്തിലേറെ പാപ്പാമാരും ഭീമൻ ടാബ്ലോകളും അണിനിരക്കുന്ന ബോൺ നത്താലെ അരങ്ങേറുക. ഭീമൻനക്ഷത്രം, ക്രിസ്മസ് പാപ്പായുടെ തൊപ്പി, മോശയും കടലും, അരയന്നവും സ്വർഗകവാടവും ഉൾപ്പെടെ ആകർഷകമായ ടാബ്ലോകൾക്കൊപ്പം കേരളത്തെ ഒന്നടങ്കം പിടിച്ചുലച്ച വയനാട് മുണ്ടക്കൈ - ചൂരൽമല ദുരന്തത്തിന്റെ ഓർമപ്പെടുത്തലും ബോണ്‍ നത്താലെയിലൂടെ ജനങ്ങൾക്കു മുൻപിൽ എത്തും. എൽഇഡി ലൈറ്റുകൾകൊണ്ട് ഒരുക്കുന്ന ദൃശ്യചാരുതയാർന്ന ഏദൻതോട്ടത്തിന്റെ നിർമാണവും അവസാനഘട്ടത്തിലാണ്.
27 നു വൈകീട്ട് അഞ്ചിന് സെന്റ് തോമസ് കോളജിൽനിന്ന് ആരംഭിക്കുന്ന ക്രിസ്മസ് പാപ്പാമാരുടെ റാലി സ്വരാജ് റൗണ്ട് ചുറ്റി കോളജിൽതന്നെ സമാപിക്കും. വിവിധ ഇടവകകളിൽനിന്നുള്ള ആറു പ്ലോട്ടുകൾ അടക്കം 21 പ്ലോട്ടുകളാണ് റാലിയിൽ അണിനിരക്കുക.
കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, സുരേഷ്ഗോപി, സിബിസിഐ പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്ത്, മേയർ എം.കെ. വർഗീസ്, മന്ത്രിമാരായ അഡ്വ. കെ. രാജൻ, പ്രഫ. ആർ. ബിന്ദു, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, പി. ബാലചന്ദ്രൻ എംഎൽഎ, അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, കൽദായ മെത്രാപ്പോലീത്ത മാർ ഔഗിൻ കുരിയാക്കോസ്, യാക്കോബായ സുറിയാനിസഭ തൃശൂർ അധ്യക്ഷൻ ഡോ. കുര്യാക്കോസ് മോർ ക്ലീമിസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, കളക്ടർ അർജുൻ പാണ്ഡ്യൻ, പോലീസ് മേധാവി ആർ. ഇളങ്കോ എന്നിവർ ചേർന്നു റാലി ഫ്ളാഗ് ഓഫ് ചെയ്യും.