സ്നേഹസമ്മാനങ്ങൾ നൽകാം
1489811
Tuesday, December 24, 2024 7:41 AM IST
ക്രിസ്മസ് കാലത്ത് അമേരിക്കയിലും യൂറോപ്പിലുമൊക്കെ ഏറ്റവുംകൂടുതൽ അലങ്കാരത്തിന് ഉപയോഗിക്കുന്ന പൂച്ചെടിയെക്കുറിച്ചു നിങ്ങൾ കേട്ടിട്ടുണ്ടോ..? പോയിൻസെറ്റിയ എന്നാണു പേര്. ഈ ചെടിയെക്കുറിച്ച് ഒരു ഐതിഹ്യമുണ്ട്. ക്രിസ്മസ് രാത്രിയിലെ കുർബാനയ്ക്കു പോകുന്പോൾ എല്ലാവരും ഉണ്ണിയേശുവിനു കൊടുക്കാൻ വിലപിടിപ്പുള്ള, ആകർഷകമായ സമ്മാനങ്ങൾ കൊണ്ടുപോകുമായിരുന്നു. എന്നാൽ പെപ്പിറ്റ എന്ന ഒരു പാവപ്പെട്ട മെക്സിക്കൻ പെണ്കുട്ടിയ്ക്കാകട്ടെ കൈവശം ഒന്നുമില്ലായിരുന്നു. അതുകൊണ്ടുതന്നെ അവൾ പള്ളിയിൽ പോകാൻ മടിച്ചുനിന്നു. ആരുമില്ലാത്തപ്പോൾപോയി ഉണ്ണിയേശുവിനെ ആരാധിക്കാമെന്ന് അവൾ ചിന്തിച്ചു. ഇക്കാര്യം ബന്ധുവായ പേദ്രേയോടു മാത്രം പറഞ്ഞു.
പേദ്രേ പെപ്പിറ്റയോടു പറഞ്ഞു: "എത്ര ചെറിയ സമ്മാനമാണെങ്കിലും സ്നേഹത്തോടെ കൊടുത്താൽ ഉണ്ണിയേശുവിന് അതുസ്വീകാര്യമാകും'. ഈ വാക്കുകൾ പെപ്പിറ്റയ്ക്ക് പ്രത്യാശ നൽകി. അവൾ ചുറ്റും നോക്കിയപ്പോൾ അടുത്തു നില്ക്കുന്ന ചെടിയിൽ നല്ല ഭംഗിയുള്ള ഇലകൾ കണ്ടു. അവൾ അതുപറിച്ചെടുത്ത് തന്റെ വൃത്തിയുള്ള തൂവാലയിൽ പൊതിഞ്ഞു. അതുമായി പള്ളിയിൽ പോയി. വളരെ നേരംകാത്തുനിന്ന് അവൾ പുൽക്കൂട്ടിലെ ഉണ്ണിയേശുവിനോടു പറഞ്ഞു: "നിനക്ക് സമ്മാനമായിതരാൻ വിലപിടിപ്പുള്ള ഒന്നും എന്റെ പക്കലില്ല.
പക്ഷേ, എനിക്ക് ഇഷ്ടം തോന്നിയ ഒരു ചെടിയുടെ ഇല ഞാൻ സ്നേഹത്തോടെ കൊണ്ടുവന്നിട്ടുണ്ട്'. ഇത്രയും പറഞ്ഞ് അവൾ തന്റെ തൂവാല അഴിച്ചപ്പോൾ അതിൽകണ്ടത് ഒരു ഇലയായിരുന്നില്ല. മറിച്ച്, നക്ഷത്രങ്ങളുടെ രൂപത്തിലുള്ള പൂവായിരുന്നു. ഈ പൂവാണു പിന്നീട് പോയിൻസെറ്റിയയായി അറിയപ്പെട്ടതതെ ന്നാണ് ഐതിഹ്യം.
ക്രിസ്മസ് കാലത്തു നാം നൽകുന്ന സമ്മാനങ്ങളും സഹായങ്ങ ളും സ്നേഹത്തി ൽ പൊതിഞ്ഞുകൊടുത്താൽ എത്ര ചെറുതായാലും സ്വീകാര്യവും സന്തോഷപ്രദവുമാകും.
മാർ ജേക്കബ് തൂങ്കുഴി
(ആർച്ച്ബിഷപ് എമരിറ്റസ് )