അമിത് ഷായുടെ അധിക്ഷേപം അംബേദ്കറുടെ മഹത്വമറിയാതെ: ടി.എൻ. പ്രതാപൻ
1489876
Wednesday, December 25, 2024 12:53 AM IST
തൃശൂർ: അംബേദ്കറുടെ മഹത്വമറിയാത്തതുകൊണ്ടാണു കേന്ദ്രമന്ത്രി അമിത് ഷാ രാജ്യസഭയിലെ പ്രസംഗത്തിൽ അദ്ദേഹത്തെ അധിക്ഷേപിച്ചതെന്നു കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ. സ്വാതന്ത്ര്യസമരത്തിന്റെയും ഇന്ത്യൻ ഭരണഘടനയുടെ ഉത്ഭവത്തിന്റെയും ചരിത്രം അറിയാത്ത സംഘപരിവാർ കുടുംബമായ ബിജെപിയിൽ അംഗമായതുകൊണ്ടാണ് ഇത്തരം അധിക്ഷേപങ്ങൾ ഉണ്ടാകുന്നത്. അമിത് ഷാ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടു ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രതാപൻ.
ഡിസിസി വൈസ് പ്രസിഡന്റ് ഐ.പി. പോൾ, എം.പി. വിൻസെന്റ്, ജോസ് വള്ളൂർ, അനിൽ അക്കര, ടി.വി. ചന്ദ്രമോഹൻ, ജോസഫ് ചാലിശേരി, അഡ്വ. ജോസഫ് ടാജറ്റ്, സുനിൽ അന്തിക്കാട്, ജോണ് ഡാനിയൽ, സി.സി. ശ്രീകുമാർ, എ. പ്രസാദ്, രാജേന്ദ്രൻ അരങ്ങത്ത്, സി.ഒ. ജേക്കബ്, നിജി ജസ്റ്റിൻ, ടി. നിർമല, ഹരീഷ് മോഹൻ, ഗോകുൽ ഗുരുവായൂർ എന്നിവർ പ്രസംഗിച്ചു.
രാവിലെ 11ന് പടിഞ്ഞാറേകോട്ടയിൽനിന്ന് ആരംഭിച്ച മാർച്ച് കളക്ടറേറ്റിനു മുന്നിൽ പോലീസ് തടഞ്ഞു. രാഷ്ട്രപതിക്കുള്ള നിവേദനം നേതാക്കൾ കളക്ടർക്കു സമർപ്പിച്ചു.