സന്മനസുള്ളവര്ക്ക് സമാധാനം
1489807
Tuesday, December 24, 2024 7:41 AM IST
ദൈവം മനുഷ്യനായി അവതരിച്ചതിന്റെ അനുസ്മരണവും ആഘോഷവുമാണ് ക്രിസ്മസ്. മനുഷ്യാവസ്ഥയുടെ എല്ലാ പരിമിതികളിലേക്കും നിസഹായാവസ്ഥകളിലേക്കുമുള്ള ദൈവത്തിന്റെ ഇറങ്ങിവരവായിരുന്നു മനുഷ്യാവതാരം. സന്മനസുള്ള സകലര്‍ക്കും ഭൂമിയില്‍ സമാധാനവും പ്ര ത്യാശയും വാഗ്ദാനം ചെയ്തുകൊണ്ടുള്ള ക്രിസ്തുവിന്റെ ആഗമനം ചരിത്രത്തില്‍ ഒരിക്കല്‍മാത്രം നടന്ന ഒറ്റപ്പെട്ട സംഭവമല്ല; ഇന്നും നാളെയും നമ്മുടെ ജീവിതത്തിലും ചുറ്റുപാടുകളിലും നിരന്തരം സംഭവിക്കേണ്ട സാഹോദര്യത്തിന്റെയും കാരുണ്യത്തിന്റെയും ഓര്‍മപ്പെടുത്തലാണ്.
സാര്‍വത്രിക കത്തോലിക്കാസഭ 2025 പ്രത്യാശയുടെ ജൂബിലി വര്‍ഷമായി ആചരിക്കുകയാണ്. പ്രതിസന്ധികളില്‍ തളരാതെ ജീവിതത്തില്‍ മുന്നേറാന്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കും ഇന്നുവേണ്ടതു പ്രതീക്ഷയുടെ കൈത്തിരിവെട്ടമാണെന്ന തിരിച്ചറിവാണു ജൂബിലിയുടെ പ്രചോദനം. അനാഥത്വത്തിന്റെ വേദനയിലും നിരാശയുടെ അന്ധകാരത്തിലും പാവപ്പെട്ടവന്റെ നെടുവീര്‍പ്പിലും പാര്‍ശ്വവത്കരിക്കപ്പെട്ടവന്റെ നിസഹായതയിലും ദൈവത്തെ കാണാനും കരംനീട്ടി അവനെ ഹൃദയത്തോ ടുചേര്ക്കാനുമുള്ള സന്മനസാണ് ഇന്നാവശ്യം.
അസത്യത്തില്നിന്ന് സത്യത്തിലേക്കും അന്ധകാരത്തില്‍നിന്ന് പ്രകാശത്തിലേക്കും മരണത്തില്‍നിന്ന് അമര്‍ത്യതയിലേക്കും നടന്നുകയറാനുള്ള അന്തര്‍ദാഹം ആര്‍ഷഭാരത പൈതൃകത്തിന്റെ ഭാഗമാണ്. സ്വാര്‍ഥതയുടെയും ശത്രുതയുടെയും ഇരുള്‍നിലങ്ങളില്‍ നിന്നു സമാധാനത്തിന്റെയും പ്രത്യാശയുടെയും പുലരിവെളിച്ചത്തിലേക്കു മിഴിതുറക്കാന്‍ ക്രിസ്മസ് നിമിത്തമാകട്ടെ. ഏവര്‍ക്കും ക്രിസ്മസ്- പുതുവത്സര ആശംസകള്‍.
മാര്‍ പോളി കണ്ണൂക്കാടന്‍
(ഇരിങ്ങാലക്കുട രൂപത
ബിഷപ്, വൈസ് പ്രസിഡന്റ്, കെസിബിസി)