പ്രത്യാശയുടെ തീർഥാടകരാകാം
1489810
Tuesday, December 24, 2024 7:41 AM IST
മാലാഖമാർ സന്തോഷത്തോ ടെ അറിയിച്ചു. അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി. ഭൂമിയിൽ സന്മനസുള്ളവർക്കു സമാധാനം. ഭൂമിയിൽ വസിക്കുന്നവരുടെ എക്കാലത്തെയും സമാധാനം. ജീവിതത്തിന്റെ പരക്കംപാച്ചിലിൽ നഷ്ടപ്പെടുത്തിയ നിധി. അസ്വസ്ഥതകൾക്ക് വിരാമമിടുന്ന നിത്യസമാധാനമായി, പ്രത്യാശയുടെ പ്രകാശമായി ക്രിസ്തു അവതരിച്ചതാണ് ക്രിസ്മസ്.
ക്രിസ്മസ് കുളിരുള്ള ഓർമയേക്കാൾ കനലെരിയുന്ന ഓർമപ്പെടുത്തലാകണം.
യേശു, പ്രത്യാശയുടെ നക്ഷത്രമായി ഉദിച്ചതിന്റെ ഓർമ മാത്രമല്ല ക്രിസ്മസ്. ക്രിസ്തുവെന്ന പ്രത്യാശയുടെ തണലിലേക്ക് ഞാൻ നടത്തുന്ന തീർഥാടനത്തിനേ എന്നിൽ ക്രിസ്മസ് തീർക്കാനാകൂ. കിഴക്ക് ജ്ഞാനികൾക്ക് വഴികാട്ടിയായുദിച്ച നക്ഷത്രത്തിന്റെ ഓർമയാണ് നക്ഷത്രവിളക്കുകളെങ്കിലും ജ്ഞാനികൾ ആ നക്ഷത്രത്തിനുപിറകെ നടത്തിയ തീർഥാടനമാണ് അവരിൽ ക്രിസ്മസ് തീർത്തത്്. ആട്ടിടയരെപ്പോലെ ആ സുവിശേഷത്തെ പിന്തുടരാനും കിഴക്കുനിന്നുള്ള ജ്ഞാനികളെപ്പോലെ നിത്യപ്രകാശത്തെ അന്വേഷിച്ചിറങ്ങാനും സന്മനസുള്ളവരുടെ ഹൃദയത്തിലേ ക്രിസ്തു ജനിക്കൂ.
ജൂബിലി വർഷത്തിന്റെ ഓർമപ്പെടുത്തൽപോലെ നമുക്കും പ്രത്യാശയുടെ തീർഥാടകരാകാം. പാതിവഴിയിൽ മനസുമടുത്ത് പിന്മാറാതെ, പതിതരെത്തേടി മനുഷ്യനായി അവതരിച്ച് എന്നെത്തേടി വരുന്നവൻ സമീപത്തെത്തിയത് കണ്‍കുളിർക്കേ കാണാം. അവനിലുള്ള രക്ഷയുടെ അനുഭവം സ്വന്തമാക്കാം. ക്രിസ്തു എന്ന ലക്ഷ്യത്തിലേക്കുള്ള പ്രത്യാശയുടെ തീർഥാടകരാകാം. ദിശമാറാതെ, മനം മടുക്കാതെ, യാത്ര അവസാനിപ്പിക്കാതെ, നക്ഷത്രത്തെ പിന്തുടർന്നാൽ കർത്താവിന്റെ സമാധാനം നമ്മിൽ വന്നുപിറക്കും. വലിയ പ്രകാശമായി ഉതിച്ചുയരും. അവിടെ നമ്മിലെ ക്രിസ്മസ് ആരംഭിക്കും. ഏവർക്കും ക്രിസ്മസിന്റെ സമാധാനാശംസകൾ.
മാർ ടോണി നീലങ്കാവിൽ (അതിരൂപത സഹായമെത്രാൻ)