ഐവർമഠം കളിയാട്ടം ഇന്ന്
1489866
Wednesday, December 25, 2024 12:53 AM IST
തിരുവില്വാമല: പാമ്പാടി നിളാതീരത്തെ ഐവർമഠം ശ്മശാനത്തിൽ കളിയാട്ടം ഇന്ന് നടക്കും.
കണ്ണൂർ ഇരിട്ടി സ്വദേശി അനീഷ് പെരുമലയനന്റെ നേതൃത്വത്തിലാണ് തെയ്യം അവതരിപ്പിക്കുന്നത്. ചുടല ഭദ്രകാളി തെയ്യം, പൊട്ടൻ തെയ്യം, വിഷ്ണുമൂർത്തി തെയ്യം എന്നിവയാണ് അവതരിപ്പിക്കുന്നത്. കണ്ണൂർ ഫോക്ലോർ അക്കാദമിയുടെ സഹകരണത്തോടെ ഐവർമഠം പൈതൃക സംസ്കാര സംരക്ഷണ സമിതിയാണ് കളിയാട്ടം അരങ്ങിലെത്തിക്കുന്നത്. ഭീകര ഭക്തി ഭാവത്തിൽ കാഴ്ചയുടെ വിസ്മയം തീർക്കുന്ന കളിയാട്ടം കാണാൻ നിരവധിയാളുകൾ ശ്മശാന ഭൂമിയിലെത്തും.
വൈകീട്ട് 4.30ന് വിളക്കും തിരിയും എഴുന്നള്ളിക്കുന്നതാണ് ആദ്യ ചടങ്ങ്. തുടർന്ന് കാവിലേക്ക് പ്രവേശിച്ച ശേഷം കെ. രാധാകൃഷ്ണൻ എം.പി ഉദ്ഘാടനം ചെയ്യും.
ഉത്തര കേരളത്തിനുപുറത്ത് പൂർണ അനുഷ്ഠാനങ്ങളോടെ കളിയാട്ടം നടക്കുന്ന ഏക സ്ഥലമാണ് ഐവർമഠം ശ്മശാനം. ചുടലക്കളത്തിൽ ചുടലഭദ്രകാളി തെയ്യം കെട്ടുന്നതും ഇവിടെ മാത്രമാണ്. വൈകീട്ട് ഏഴുമുതൽ അർധരാത്രിവരെ കളിയാട്ടം നടക്കും.