സമാധാനത്തിന്റെ രാജകുമാരൻ
1489809
Tuesday, December 24, 2024 7:41 AM IST
ആട്ടിൻകൂട്ടത്തിനു കാവലായി രാത്രിയിൽ വെളിയിൽ പാർത്തിരുന്ന ആട്ടിടയൻമാരോടു ദൂതൻ പറഞ്ഞു: "ഭയപ്പെടേണ്ട, സർവജനത്തിനുമുള്ള മഹാസന്തോഷം ഞാൻ നിങ്ങളെ അറിയിക്കുന്നു. കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു'. സർവജനത്തിനുമുള്ള സദ്വാർത്തയാണു ക്രിസ്തുവിന്റെ ജനനം. സ്നേഹവും കരുണയും നീതിയും സന്തോഷവും സമാധാനവും അന്യവത്കരിക്കപ്പെട്ട ലോകത്ത് പ്രതിസംസ്കൃതിയാണു ക്രിസ്മസ്. അധികാരം സ്ഥാപിക്കാൻ യുദ്ധങ്ങളും കലാപങ്ങളും സൃഷ്ടിക്കുന്ന ലോകത്ത് സർവാധിപനായ ദൈവപുത്രന്റെ പുൽക്കൂട്ടിലെ ജനനത്തിന്റെ മൂല്യത്തിനു സമാനതകളില്ല. മാറ്റങ്ങൾക്കുവേണ്ടി ജനിച്ചവനാണ് ക്രിസ്തു. സർവജനത്തിന്റെ സന്തോഷവും ലോകത്തിന്റെ സമാധാനവുമാണു ലക്ഷ്യം.
സമൂഹത്തിന്റെ സമൂല മാറ്റത്തിനായി ജനിച്ച സമാധാന പ്രഭു സമാധാനത്തിന്റെ വിത്തുകൾ വിതയ്ക്കാൻ നമ്മെയും ക്ഷണിക്കുന്നു. നാടിന്റെ ക്രമസമാധാനവും സന്തോഷവും തകർക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ-വർഗീയ ശക്തികൾക്കെതിരേ അധികാരം യുദ്ധത്തിലൂടെയും അക്രമങ്ങളിലൂടെയും കൊലപാതകങ്ങളിലൂടെയും അഴിമതിയിലൂടെയും കവർച്ചകളിലൂടെയും അല്ല സ്ഥാപിക്കേണ്ടതെന്നും മറിച്ച് സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സ്വയം ശൂന്യവത്കരണത്തിന്റെയും പാതയിലൂടെയാണെന്ന് ഓർമപ്പെടുത്തുകയാണു സമാധാനപ്രഭുവിന്റെ പുൽക്കൂട്ടിലെ ജനനം.
എല്ലാ സ്വർഗീയമഹിമകളും വെടിഞ്ഞ് കേവലമൊരു മനുഷ്യനായി ആരും എത്തിനോക്കാൻ മടിക്കുന്നയിടത്ത് പിറവിയെടുത്ത ഉണ്ണിയേശു നാമോരോരുത്തരുടെ ജീവിതത്തിലും സമാധാനത്തിന്റെ രാജകുമാരനായി പിറക്കട്ടെ. ഏവർക്കും ജനനത്തിരുന്നാൾ - പുതുവത്സര ആശംസകൾ.
മാർ ഒൗഗിൻ കുര്യാക്കോസ്
(മെത്രാപ്പോലീത്ത)