വാടാനപ്പിള്ളിയിൽ വാഹനാപകടം: ഒമ്പതുപേർക്ക് പരിക്ക്
1490320
Friday, December 27, 2024 8:45 AM IST
വാടാനപ്പള്ളി: വാടാനപ്പിള്ളിയിലും തൃത്തല്ലൂരുമുണ്ടായ രണ്ട് വാഹനാപകടങ്ങളിൽ ഒമ്പത് പേർക്ക് പരിക്കേറ്റു.
വാടാനപ്പള്ളി സെന്ററിന് വടക്ക് മരണവളവിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനാണ് പരിക്കേറ്റത്. മണലൂർ സ്വദേശി കിടങ്ങൻവീട്ടിൽ ആൽബിൻ(20)ആണ് പരിക്കേറ്റത്. ഇയാളെ വാടാനപ്പള്ളി ആക്ട്സ് പ്രവർത്തകർ തൃശൂർ മദർ ആശുപത്രിയിൽ എത്തിച്ചു. ആൽബിന് കാലിനാണ് സാരമായ പരിക്കേറ്റത്. ഇന്നലെ ഉച്ചതിരിഞ്ഞ് 2.45നായിരുന്നു അപകടം. ഇവിടെതന്നെ ബുധനാഴ്ചരാത്രി കാറിനുപിന്നിൽ സ്കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടരവയസുകാരി മരിച്ചിരുന്നു.
തൃത്തല്ലൂർ കെ.ടി. ഐസ്പ്ലാന്റിനുസമീപം കാറും ടെമ്പോയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ടുപേർക്കാണ് പരിക്കേറ്റത്. കാറിലുണ്ടായിരുന്ന ഒറ്റപ്പാലം പാലോട് റോഡ് സ്വദേശികളായ കട്ടായേൽവീട്ടിൽ ഷറഫുദീൻ(49), ഭാര്യ ആമിന(48),
അഷ്ക്കറലി(47), മകൻ മുഹമ്മദ് അമൽ(23), ഓട്ടോറിക്ഷ ഡ്രൈവർ ഏങ്ങണ്ടിയൂർ ചന്തപ്പടി സ്വദേശി പുതിയവീട്ടിൽ സിയാഹുൽ(38) ടെമ്പോയിലുണ്ടായിരുന്ന ഇടുക്കി ഉപ്പുതോട് സ്വദേശികളായ പേടത്താണിഹൗസിൽ സജി(48), പെരുമാൻകുണ്ടിൽ ഹൗസിൽ റോബിൻസ് (41), ഇടുക്കി പറക്കോട് സ്വദേശി കൂബുള്ളി ഹൗസിൽ സാജൻ ജോസഫ്(52) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സഹചാരി സെന്റർ ആംബുലൻസ് പ്രവർത്തകർ, ടോട്ടൽ കെയർ ആംബുലൻസ്, ഡീകോഡ് ആംബുലൻസ്, റൺവെ ആംബുലൻസ് എന്നിവയിലായി ചേറ്റുവ ഫോണിക്സ് മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചതിരിഞ്ഞ് 2.50 നായിരുന്നു അപകടം.
അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതംനിലച്ചു. വാഹനങ്ങൾ കിഴക്കേ ടിപ്പു സുൽത്താൻ റോഡ് വഴിയും നടുവിൽക്കര പ്രിയദർശിനി റോഡുവഴിയുമാണ് കടത്തിവിട്ടത്.