കലാഭവൻ മണി സമ്മാനിച്ച സ്കൂൾബസ് ഇനി വായനവണ്ടി
1490307
Friday, December 27, 2024 8:45 AM IST
ചാലക്കുടി: കലാഭവൻ മണി സമ്മാനിച്ച സ്കൂൾബസ് ഇനി വായനവണ്ടി. വി.ആർ. പുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളന്റിയർമാരാണ് ഉപയോഗിക്കാതെ കിടന്ന സ്കൂൾബസിനെ തുറന്ന ലൈബ്രറിയാക്കി മാറ്റിയത്. മലയാളത്തിന്റെ മഹാ എഴുത്തുകാരൻ എം.ടി. വാസുദേവൻനായരുടെ സ്മരണയ്ക്കായി വായനവണ്ടി സ്കൂളിനു സമർപ്പിച്ചു.
ഗവ. ഈസ്റ്റ് ഹൈസ്കൂളിൽ നടന്ന വി.ആർ. പുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പിൽ പുസ്തകപ്പയറ്റ് പ്രോജക്ടിന്റെ ഭാഗമായിട്ടാണ് വിദ്യാർഥികൾ വായനവണ്ടി ഒരുക്കി സ്കൂളിന് സമർപ്പിച്ചത്.
ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥിയായ കലാഭവൻ മണി വർഷങ്ങൾക്കു മുമ്പ് വിദ്യാലയത്തിന് സമർപ്പിച്ചതാണ് ഈ സ്കൂൾ ബസ്.
ഡ്രൈവറുടെ വേതനം, ഇന്ധനം, അറ്റകുറ്റപണികൾ, തുടങ്ങിയ ഭാരിച്ച ചെലവുകൾ കണ്ടെത്താൻ കമ്മിറ്റിക്ക് കഴിയാതായപ്പോൾ വാഹനം തുരുമ്പെടുത്ത് നശിക്കാൻ തുടങ്ങി.
ഇവിടെ നടന്ന എൻഎസ്എസ് ക്യാമ്പിൽ പുസ്തകമൊരുക്കൽ എന്ന പ്രവർത്തനത്തിനിടെയാണ് ഉപയോഗിക്കാതെ കിടന്ന ഈ വാഹനം കുട്ടികളുടെയും പ്രോഗ്രാം ഓഫീസർ വിജിഷ്ലാലിന്റെയും ശ്രദ്ധയിൽപെട്ടത്.
പുസ്തകംഒരുക്കൽ എന്ന പ്രവർത്തനത്തിന് ഈ വാഹനം ഉപയോഗപ്പെടുത്തി. ഇത് ഈ വിദ്യാലയത്തിന് സമർപ്പിക്കുന്ന കാര്യം ജനപ്രതിനികളോടും സ്കൂൾ പിടിഎ ഭാരവാഹികളോടും സംസാരിച്ചതിനെ തുടർന്ന് എല്ലാവരും ഈ ആശയത്തെ അംഗീകരിക്കുകയായിരുന്നു.
വിദ്യാർത്ഥികൾ തന്നെ വാഹനവും അതിനോട് ചേർന്ന സ്ഥലവും വൃത്തിയാക്കിയും കഴിയാവുന്ന വിധം മനോഹരമാക്കിയും വായനവണ്ടിക്ക് രൂപം നൽകി.
ക്രിസ്മസ് ദിവസം അവധിയായതിനാൽ വീടുകളിൽ പോയി വിദ്യാർഥികൾ ക്യാമ്പിൽ തിരിച്ചെത്തിയത് 200 ഓളം പുസ്തകങ്ങളുമായാണ്.ഈ പുസ്തകങ്ങൾ വാഹനത്തിനുള്ളിൽ വിവിധ ഭാഗങ്ങളിലായി സജ്ജമാക്കി.
സ്കൂൾമുറ്റത്തെ ഓപ്പൺ ലൈബ്രറി എന്ന അനുഭവം ഇതിലൂടെ വിദ്യാർഥികൾ യാഥാർഥ്യമാക്കുകയായിരുന്നു.
നഗരസഭ വൈസ് ചെയർപേഴ്സൺ ആലീസ് ഷിബു ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ടി.ഡി. എലിസബത്ത് അധ്യക്ഷയായി.
കൗൺസിലർ ഷിബു വാലപ്പൻ, എൻ എസ്എസ് പ്രോഗ്രാം ഓഫീസർ വിജീഷ് ലാൽ, സ്കൂൾ എച്ച്എം എ. ജയശ്രീ, പിടിഎ പ്രസിഡന്റുമാരായ ജോഫിൻ ജോസ്, വി.എച്ച്. ധനീഷ്, എൻഎസ്എസ് ലീഡർമാരായ കൃഷ്ണജിത്ത്, നിയ ഗ്രേസ് ബെന്നി, എസ്എംസി ചെയർമാൻ വി.വി. വേലായുധൻ, സുനിൽ ഉടുമ്പത്തറയിൽ, കെ.കെ. ജെയ്സൻ എന്നിവർ പ്രസംഗിച്ചു.