നോക്കിയേടീ... ഇതിന്റെ ഉത്തരമറിയോ!
1377563
Monday, December 11, 2023 1:42 AM IST
തൃശൂർ: സംസ്ഥാന സാക്ഷരതാ മിഷന് നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത സാക്ഷരതാ പദ്ധതിയായ ഉല്ലാസ് ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി നടന്ന മികവുത്സവത്തിൽ പരീക്ഷയെഴുതി കൊച്ചുമോളും തങ്കമണിയും.
ജില്ലയില്‍ 6,236 പഠിതാക്കളാണ് പരീക്ഷയെഴുതിയത്. 64 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ സര്‍വേയിലൂടെ കണ്ടെത്തിയ നിരക്ഷരര്‍ക്ക് സാക്ഷരതാ ക്ലാസുകള്‍ നല്‍കിയാണ് പരീക്ഷയ്ക്ക് തയാറാക്കിയത്. സംസ്ഥാന സാക്ഷരതാ മിഷന് തയാറാക്കിയ സാക്ഷരതാപാഠ പുസ്തകം ഉപയോഗിച്ചാണ് ക്ലാസുകള്‍ നടത്തിയത്. പരിശീലനം നേടിയ സന്നദ്ധ പ്രവര്‍ത്തകരായ 363 ഇന്‍സ്ട്രക്ടര്‍മാരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയത്. ജില്ലയില്‍ ഇരിങ്ങാലക്കുട ബ്ലോക്കിലെ മുരിയാട് പഞ്ചായത്തിലെ 98 വയസുള്ള അയ്യക്കുട്ടിയാണ് ഏറ്റവും മുതിര്‍ന്ന പഠിതാവ്.
കുന്നത്തങ്ങാടി ഗവ. യുപിഎസില്‍ നടന്ന പരീക്ഷയുടെ ജില്ലാതല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് മാസ്റ്റർ നിർവഹിച്ചു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശീധരന് അധ്യക്ഷത വഹിച്ചു. സജി തോമസ്, കനകലത, കെ. രാഗേഷ്, കെ.പി. ശോഭ, ശോഭാ സുരേഷ്, കെ.എസ്. ഷൈന, പി.വി. ഷൈനി എന്നിവര്‍ ആശംസകള്‍ അറിയിച്ചു.