കുറൂരമ്മയും കൃഷ്ണനും: നൃത്താവിഷ്കാരം ഹൃദ്യമായി
1377297
Sunday, December 10, 2023 3:02 AM IST
ഗുരുവായൂർ: കുറൂരമ്മയും കൃഷ്ണനുമായി ലാസ്യ നടനമാടിയ സുധാ പീതാംബരന്റെ പുതിയ നൃത്താവിഷ്കാരം ശ്രദ്ധേയമായി. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടന്ന നൃത്താവിഷ്കാരത്തിൽ കുറൂരില്ലത്തുനിന്ന് വരുന്ന ഗൗരി പിന്നീട് കുറൂരമ്മയാകുന്നതും അവരോടൊപ്പം താമസിക്കുന്ന ബാലൻ ഉണ്ണിക്കണ്ണനാണെന്നു മനസിലാക്കാതെ വില്വമംഗലം പൂജ ചെയ്യുന്നതും വികൃതികൾ കാണിക്കുന്ന ബാലനെ കുറൂരമ്മ കലത്തിൽ അടയ്ക്കുന്നത്, ഒടുവിൽ ബാലൻ കൃഷ്ണനാണെന്നു മനസിലാക്കുന്നതും സുധാ പീതാംബരൻ തന്മയത്വത്തോടെ അവതരിപ്പിച്ചു.
ഡോ. സി.പി. ഉണ്ണികൃഷ്ണനാണ് രചനയും കൊറിയോഗ്രഫിയും നിർവഹിച്ചത്. ബാബുരാജ് പെരുമ്പാവൂർ സംഗീത സംവിധാനം നിർവഹിച്ചു. കാലടി ശ്രീശങ്കരാ സ്കൂൾ ഓഫ് ഡാൻസ് കൾച്ചറൽ അംബാസഡറും സീനിയർ അധ്യാപികയുമായ അനില ജോഷി അവതരിപ്പിച്ച ശിവതാണ്ഡവവും സീനിയർ അധ്യാപിക അക്ഷരയുടെ കുച്ചിപ്പുടിയും ജി. ദേവപ്രിയ, അഖില ശിവൻ എന്നിവരുടെ സോളോ നൃത്തപരിപാടികളും ആസ്വാദകർക്കു ഹൃദ്യമായി.
ശ്രീകുമാർ ഊരകം - വായ്പ്പാട്ട്, ആർഎൽവി വേണു കുറുമശേരി -മൃദംഗം, പി.ബി. ബാബുരാജ് -വയലിൻ, എ.കെ. രഘുനാഥൻ -പുല്ലാങ്കുഴൽ, അനില ജോഷി, രഹന നന്ദകുമാർ, അനുപമ അനിൽകുമാർ -നട്ടുവാങ്കം, സുരേന്ദ്രൻ ഊരകം -ചമയം എന്നിവർ പിന്നണിയിൽ പ്രവർത്തിച്ചു.