കലഹോത്സവത്തിനു കൊടിയിറങ്ങി
1377295
Sunday, December 10, 2023 2:57 AM IST
തൃശൂർ: കലയും കലഹവും കട്ടയ്ക്കു കട്ടനിന്ന തൃശൂർ റവന്യൂ ജില്ല കലോത്സവം കൊടിയിറങ്ങി. മുൻപെങ്ങുമില്ലാത്തവിധം പ്രശ്നങ്ങളും പോരായ്മകളും പ്രാരബ്ധങ്ങളും നിറഞ്ഞുനിന്ന കലോത്സവത്തിൽ ചെറുബാല്യക്കാർ വേദിയിൽ തിളങ്ങിയപ്പോൾ ഏറ്റവും മോശം പ്രകടനവുമായി സംഘാടകർ അരങ്ങിനു പുറത്ത് അലസരായി വിലസി.
ഫലപ്രഖ്യാപനത്തിൽ കലാപമുയർത്തി ഒന്നാം ദിനത്തിന്റെ ശോഭ കെടുത്തിയതും ഉൗട്ടുപുരയിൽ കൈകഴുകാൻപോലും വെള്ളം കിട്ടാൻ പാടുപെട്ടതും ശബ്ദക്രമീകരണത്തിലെ താളപ്പിഴകളും പതിവുപോലെ വൈകിത്തുടങ്ങിയ മത്സരങ്ങളും കല്ലുകടിയായി.
അപ്പീൽ കമ്മിറ്റി ഓഫീസ് തേടി രക്ഷിതാക്കൾക്കും കുട്ടികൾക്കും നെട്ടോട്ടമോടേണ്ടിവന്നതും അർധരാത്രിയിൽനിന്ന് പുലർച്ചെവരെ മത്സരങ്ങൾ നീണ്ടതും മഴയിൽ കുതിർന്ന വേദികളിൽനിന്ന് മത്സരങ്ങൾ മാറ്റേണ്ടിവന്ന സ്ഥിതിയും പ്രധാന വേദിയിൽ ഗ്രൂപ്പ് ഇനങ്ങൾ ഇല്ലാതെ പോയതും ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ചു പരിപാടി നടത്താനെത്തിയ കുട്ടികളെ അപമാനിച്ച് ഇറക്കിവിട്ടതും ജഡ്ജസുമായുള്ള തർക്കങ്ങളും ജഡ്ജസിനെ മാറ്റണമെന്ന ആവശ്യങ്ങളും തുടങ്ങി രണ്ടും മൂന്നും ദിനങ്ങളിലേക്കും പ്രശ്നങ്ങൾ നീണ്ടു.
പ്രധാന വേദിയിൽ പ്രശ്നത്തോടു പ്രശ്നം
തുടക്കം മുതൽ അടിയോടടിയായ പ്രധാന വേദിയിൽ കലഹമൊഴിയാതെയാണു കലോത്സവ ദിനങ്ങൾ തള്ളിനീങ്ങിയത്. ആദ്യ ദിവസം ഹൈസ്കൂൾ വിഭാഗം ഭരതനാട്യം ഫലപ്രഖ്യാപനത്തിനു പിന്നാലെ പ്രതിഷേധവുമായി മത്സരാർഥികളും രക്ഷിതാക്കളും വേദി കൈയേറി. ഫലപ്രഖ്യാപനത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടിയായിരുന്നു തർക്കം. കേട്ടാലറയ്ക്കുന്ന തെറിവിളികളും സ്ത്രീകളായ ജഡ്ജസിനുനേരെ ഉയർന്നു.
ഒടുവിൽ പോലീസും ഇടപെട്ട്, എന്തൊക്കെ മാനദണ്ഡമാക്കിയാണ് വിധിനിർണയം നടത്തിയെതെന്നു വിശദീകരിച്ചാണ് ഫലപ്രഖ്യാപനം നടന്നത്. പിറ്റേന്നായിരുന്നു ഇതേ വേദിയിൽ ഉദ്ഘാടനചടങ്ങ്. വൈകിയ വേളയിൽ ആരംഭിച്ച ചടങ്ങിൽ ക്ഷണിച്ചുവരുത്തിയ കലാകാരന്മാരെ പരിപാടി നടത്തുന്നതിനിടെ അപമാനിച്ച് ഇറക്കിവിടുന്ന സംഭവവുമുണ്ടായി.
അപമാനത്തിനിരയായ വിവേകോദയം സ്കൂളിലെ വൃന്ദവാദ്യം ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കാണ് പിന്നീടു വൈകീട്ടു നടന്ന മത്സരത്തിൽ ഒന്നാംസ്ഥാനം ലഭിച്ചത്. ഇൗ മത്സരം കഴിഞ്ഞതോ ശനിയാഴ്ച പുലർച്ചെ അഞ്ചരയോടെ. ഇന്നലെ രാവിലെ ആൺകുട്ടികളുടെ നാടോടിനൃത്തമത്സരം തുടങ്ങാറായപ്പോൾ മൈക്ക് ഒാപ്പറേറ്ററെ കാണാനില്ല.
അദ്ദേഹം പുലർച്ചെ പരിപാടിയും കഴിഞ്ഞ് പ്രഭാതകൃത്യങ്ങൾക്കായി വീട്ടിൽ പോയിരിക്കുകയായിരുന്നു. ഇൗ വേദിയിൽ ഇന്നലെ രാവിലെ ഒന്പതിനു തുടങ്ങേണ്ട ഹൈസ്കൂൾ ആൺകുട്ടികളുടെ നാടോടിനൃത്തം തുടങ്ങിയതും ഒന്നരമണിക്കൂറിലധികം വൈകിയാണ്.
ജഡ്ജിനെ മാറ്റാതെ നൃത്തമാടില്ലെന്ന്
ഹൈസ്കൂൾ പെൺകുട്ടികളുടെ നടോടിനൃത്തത്തിനു ജഡ്ജുമാർ എത്തിയപ്പോൾ കാൽമുട്ടിനും പാദത്തിനും പരിക്കേറ്റ, നാടോടിനൃത്തത്തിനു മേക്കപ്പിട്ട പെൺകുട്ടിയെയും എടുത്തുകൊണ്ട് അധ്യാപികയും കുട്ടികളും രക്ഷിതാക്കളും പ്രതിഷേധവുമായി എത്തി. ജഡ്ജുമാരിലെ രണ്ടുപേർക്കെതിരെയായിരുന്നു ആരോപണം.
ഇവർ കഴിഞ്ഞ ദിവസം സംഘനൃത്തത്തിനു ജഡ്ജിമാർ ആയിരുന്നെന്നും ആ ഫലപ്രഖ്യാപനം ശരിയായ രീതിയിലല്ല നടന്നതെന്നും ഇവർക്കുമുന്പിൽ നൃത്തം അവതരിപ്പിക്കില്ലെന്നും പറഞ്ഞ് മത്സരാർഥിയും അധ്യാപകരും മറ്റു കുട്ടികളും രക്ഷിതാക്കളും സംഘടിച്ചെത്തി സ്റ്റേജിനു മുന്പിൽ നിലയുറപ്പിച്ചു. ഇദ്ദേഹമാണ് ജഡ്ജ് എങ്കിൽ നാടോടിനൃത്തം അവതരിപ്പിക്കില്ലെന്നു മത്സരാർഥിതന്നെ ജഡ്ജിനോടു പറഞ്ഞു.
പിന്നീട് ജഡ്ജുമാരിലൊരാളുമായി വാക്കുതർക്കത്തിലായി. അദ്ദേഹത്തിന്റെ യോഗ്യത തെളിയിക്കണമെന്നും ആവശ്യപ്പെട്ടു. പോലീസ് എത്തി ജഡ്ജസിനെ സുരക്ഷിതമായി ക്ലാസ് റൂമിലേക്കു മാറ്റി. തടസം നിൽക്കുന്നവരെ അറസ്റ്റ് ചെയ്തു നീക്കേണ്ടിവരുമെന്ന് അറിയിച്ചു. സംഘാടകരെത്തി അതേ ജഡ്ജസിനെ വച്ച് മത്സരം പുനരാരംഭിക്കുകയായിരുന്നു. കഴിഞ്ഞ ദിവസത്തെ സംഘനൃത്തം കഴിയാൻ മണിക്കൂറുകൾ വൈകിയിരുന്നു.
ഇതിനുശേഷം മഴയത്ത് സ്കൂട്ടറിൽ വീട്ടിലേക്കു പോകുന്പോൾ അപകടത്തിൽപെട്ടാണ് മത്സരാർഥിക്കു പരിക്കേറ്റത്. പരിക്കു സഹിച്ചും ഇന്നത്തെ നാടോടിനൃത്തം മത്സരത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ കഴിഞ്ഞ ദിവസത്തെ ജഡ്ജുമാർ തന്നെയാണ് ഇന്നും എന്നു മനസിലായപ്പോഴാണ് പ്രതിഷേധിച്ചത്.
അതേ ജഡ്ജുമാർക്കു മുന്പിൽ നൃത്തം അവതരിപ്പിക്കുകയും ചെയ്തു. എന്നാൽ മത്സരത്തിന് ഒരാൾ കോടതിവിധി മൂലമാണ് വന്നിട്ടുള്ളതെന്നതിനാൽ മത്സരഫലം തത്കാലത്തേക്കു പ്രഖ്യാപിച്ചില്ല. ചില മത്സരങ്ങൾക്കു ജഡ്ജുമാരായി എത്തിയവർക്കു വേണ്ടത്ര യോഗ്യതയില്ലെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടി.
കൂടിയാട്ടം കഴിഞ്ഞത് പുലർച്ചെ
മഴമൂലം കഴിഞ്ഞ ദിവസം ഒട്ടുമിക്ക വേദികളിലുംരാത്രി ഏറെ വൈകിയാണു മത്സരങ്ങള് തുടങ്ങിയത്. ഇതിനിടെ മത്സരങ്ങള് പലതും പല സ്റ്റേജുകളിലേക്കു മാറ്റിയതും താളംതെറ്റിച്ചു. വെള്ളിയാഴ്ച രാത്രിയിൽ തുടങ്ങിയ കൂടിയാട്ടം മത്സരം കഴിഞ്ഞത് ശനിയാഴ്ച പുലർച്ചെ നാലിന്.
കൂടിയാട്ടം ഹയർ സെക്കൻഡറി മത്സരമാണ് കുട്ടികളെ കുഴപ്പിച്ചത്. രാത്രിയിൽ പെരുംമഴയത്ത് സ്റ്റേജിൽ വെള്ളം കയറിയതും അർധരാത്രിയിലെ സ്റ്റേജുമാറ്റവുമെല്ലാം കുട്ടികളെ വല്ലാതെ വലച്ചു. തലേദിവസം വൈകീട്ടോടെ വേഷമണിഞ്ഞു കാത്തിരുന്ന കുട്ടികൾക്കു മത്സരം കഴിഞ്ഞതോടെ ആശ്വാസമായി.
കഴിഞ്ഞ ദിവസം മോഡൽ ബോയ്സ് എച്ച്എസിലെ വേദി നാലിലാണു കൂടിയാട്ടം യുപി, എച്ച്എസ്, എച്ച്എസ്എസ് മത്സരങ്ങൾ നടന്നത്. ഇതേ വേദിയിൽ രാവിലെ മുതൽ നടന്നിരുന്ന ചാക്യാർകൂത്ത്, നങ്ങ്യാർകൂത്ത് മത്സരങ്ങൾക്കുശേഷമായിരുന്നു കൂടിയാട്ടം. യുപി, എച്ച്എസ് മത്സരങ്ങൾക്കുശേഷം ഉച്ചയ്ക്കു രണ്ടരയ്ക്കു തുടങ്ങേണ്ട എച്ച്എസ്എസ് മത്സരങ്ങൾ ആരംഭിച്ചത് രാത്രി ഏഴിനാണ്.
മൊത്തം കുഴപ്പങ്ങൾക്കിടെ ഹൈസ്കൂൾ വിഭാഗം കൂടിയാട്ടത്തിൽ അനുവദിച്ച സമയത്തിനെക്കാൾ കൂടുതൽ നേരം കളിച്ചവരെ വിജയിയായി പ്രഖ്യാപിച്ചെന്ന ആരോപണവുമുണ്ടായി. മഴയ്ക്കിടെ ഇവരുടെ മത്സരം റിക്കാർഡ് ചെയ്യാത്തതിനാൽ അപ്പീൽ നല്കാൻ പറ്റാത്ത നിരാശയുമുണ്ടായി.
സെഞ്ചുറി കടന്ന് അപ്പീലുകൾ
അപ്പീലുകൾ സെഞ്ചുറി തികച്ച് അടിച്ചുകയറുന്ന കാഴ്ചയും പതിവുപോലെയുണ്ടായി. കലോത്സവം മത്സരഫലം അപ്ലോഡ് ചെയ്യുന്ന "ഉത്സവം' സോഫ്റ്റ്വെയർ തകരാറും മത്സരാർഥികളെയും മാധ്യമപ്രവർത്തകരെയും വലച്ചു.
ഇതുമൂലം പല മത്സരങ്ങളുടെയും ഫലം അറിയാൻ വൈകി. പെട്ടെന്നു പ്രഖ്യാപിച്ച വേദിമാറ്റങ്ങൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും ബുദ്ധിമുട്ടുണ്ടാക്കി. നഗരത്തിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് എല്ലാം വാരിപ്പെറുക്കി ഓടേണ്ട സ്ഥിതിയുണ്ടായി. അരങ്ങിലെത്തിയ ചവിട്ടുനാടകം സാങ്കേതികകാരണങ്ങളാൽ റദ്ദാക്കുന്ന കാഴ്ചയ്ക്കും ഈ കലോത്സവം സാക്ഷ്യം വഹിച്ചു.
ശബ്ദനിയന്ത്രണ സംവിധാനങ്ങളുടെ പോരായ്മ കലാവതരണങ്ങളെ ബാധിക്കുന്നതും കലോത്സവവേദികളിൽ കണ്ടു. അടുത്തടുത്ത് വേദികൾ സജ്ജമാക്കിയപ്പോൾ ഒരു വേദിയിലെ ശബ്ദം തൊട്ടടുത്ത വേദിയിൽ പ്രശ്നമായി മാറുന്നതുമൂലം പാട്ടുകേൾക്കാതെ നൃത്തമാടേണ്ട ഗതികേടും കുട്ടികൾക്കുണ്ടായി. മറ്റൊരിടത്ത് സ്പീക്കറിന്റെ ശബ്ദം കൂട്ടിയാൽ ആകെ ഒരു മുഴക്കം മാത്രമായിരുന്നു കേൾക്കാനുണ്ടായിരുന്നത്.
എംഎൽഎയും പിഴവുകൾ ചൂണ്ടിക്കാട്ടി
കലോത്സവത്തിന്റെ രണ്ടാംദിനത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സംഘാടനപ്പിഴവ് ഉദ്ഘാടകനായ പി.ബാലചന്ദ്രൻ എംഎൽഎ ചൂണ്ടിക്കാട്ടിയിരുന്നു.
കലോത്സവം ഒാഫീസുകളും ഭക്ഷണശാലയുമടക്കം പ്രവർത്തിക്കുന്ന മോഡൽ ബോയ്സ്, ഗേൾസ് സ്കൂളുകളിൽ മീഡിയ റൂം സ്ഥാപിക്കാതെ ദൂരെ ഹോളിഫാമിലി സ്കൂളിൽ സജ്ജമാക്കിയതുതന്നെ സംഘാടകരുടെ പാളിച്ച പ്രകടമാക്കി.
വിജയികൾക്കു മറ്റു വേദികളിൽനിന്ന് എത്താനുള്ള ബുദ്ധിമുട്ട് കാരണം മിക്കവരും മാധ്യമങ്ങളുടെ അടുത്തേക്കു വന്നില്ല. ഇൗ സ്കൂളിലായിരുന്നു ഉദ്ഘാടനവും. പ്രധാന വേദിയായിട്ടുകൂടി ഒട്ടും കാണികൾ ഇല്ലാതെയാണ് ഇവിടെ പരിപാടികൾ നടന്നത്.