മിമിക്രിയിൽ ഒാണപ്പൂവായി നസ്മിൻ
1377293
Sunday, December 10, 2023 2:54 AM IST
തൃശൂർ: ശബ്ദാനുകരണത്തിലൂടെ മലയാളികൾക്കു മുന്പിൽ പൂക്കളം തീർത്ത "ബംഗാളി പെൺകുട്ടി'ക്കു മിമിക്രിയിൽ ഒന്നാംസ്ഥാനം. ഒാണക്കാലത്തു നാടു കാണാനിറങ്ങിയ മാവേലിത്തന്പുരാന്റെ ഒാണക്കാഴ്ചകളാണ് മേലഡൂർ ജിഎസ്എച്ച്എസ്എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി നസ്മിൻ അബ്ദുൾ ഹക്കിം അവതരിപ്പിച്ചത്.
നസ്മിന്റെ അമ്മ ബംഗാൾ സ്വദേശിനിയും പിതാവ് അന്നമനട സ്വദേശിയുമാണ്. ചെറുപ്പത്തിലേ കേരളത്തിൽ എത്തിപ്പെട്ടതോടെയാണ് മലയാളം പഠിച്ചത്. മലയാളം നന്നായി സംസാരിക്കാൻ അറിയാത്തതിനാൽ നസ്മിനെ പലരും കളിയാക്കാറുണ്ടായിരുന്നു. ഇതിനിടെയാണു നസ്മിൻ ഒപ്പന പരിശീലകനായ ഹാഷിം കടൂപ്പാടത്തിനെ പരിചയപ്പെടുന്നതും മിമിക്രി പഠിക്കുന്നതും.
ഒന്പതു വർഷമായി ആലുവയിൽ ചരിത്ര അധ്യാപകനായിരുന്ന ഹാഷിം ലണ്ടൻ യൂണിവേഴ്സിറ്റിയിൽ മാസ്റ്റർ ഡിഗ്രി ചെയ്യുന്നതിനിടെ വാട്സാപ്പ് വഴിയാണു നസ്മിനു പരിശീലനം നൽകിയത്.
അന്നമനട വെണ്ണൂർ സ്വദേശികളായ മുക്കൻ വീട്ടിൽ പരേതനായ അബ്ദുൾ ഹക്കീം, സഫിയ എന്നിവരാണു മാതാപിതാക്കൾ. സഹോദരൻ മുഹമ്മദ് ഷാഫി ബിടെക്കിനുശേഷം ഡാറ്റാ സയൻസ് പഠിക്കുന്നു. ആഷിറ ബീവി, ജാസ്മിൻ എന്നിവരാണു സഹോദരിമാർ.