നവകേരള സദസില്‍ ലഭിച്ച നിവേദനങ്ങളുടെ തുടര്‍നടപടികള്‍ ആരംഭിച്ചു
1377273
Sunday, December 10, 2023 2:43 AM IST
ഇരിങ്ങാലക്കുട: നവകേരള സദസില്‍ ലഭിച്ച നിവേദനങ്ങളുടെ തുടര്‍നടപടികളിലേക്ക് അധികൃതര്‍. മുകുന്ദപുരം താലൂക്കില്‍ റവന്യൂ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട, പുതുക്കാട് മണ്ഡലങ്ങളില്‍ നടന്ന നവകേരള സദസുകളിലായി ലഭിച്ച എണ്ണായിരത്തോളം നിവേദനങ്ങള്‍ സ്കാന്‍ ചെയ്ത് നവകേരള സദസുമായി ബന്ധപ്പെട്ട വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുന്ന പ്രക്രിയയ്ക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്.
ആദ്യദിനത്തില്‍ തന്നെ ആയിരത്തോളം നിവേദനങ്ങളുടെ സ്കാനിംഗ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. അപ്ലോഡ് ചെയ്ത ഡാറ്റ കളക്ടറേറ്റില്‍ നിന്നു ബന്ധപ്പെട്ട വകുപ്പുകളിലേക്കു പരിഹാരത്തിനായി അയച്ചുകൊടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
രണ്ടു ദിവസത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തിയാക്കാനാണു താലൂക്ക് അധികൃതര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുള്ളതെങ്കിലും വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യാന്‍ കൂടുതല്‍ സമയം വേണ്ടിവരുന്ന സാഹചര്യമാണ് ഉള്ളത്.
നവകേരള സദസില്‍ ലഭിക്കുന്ന പരാതികള്‍ക്ക് 45 ദിവസത്തിനുള്ളില്‍ പരിഹാരം കാണുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്.