മലയോര ഹൈവേ: ഭൂമി ഏറ്റെടുക്കൽ അന്തിമഘട്ടത്തിലെന്ന് എംഎൽഎ
1377270
Sunday, December 10, 2023 2:43 AM IST
ചാലക്കുടി: നിർദിഷ്ട മലയോര ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട കോടശേരി, അതിരപ്പിള്ളി ഗ്രാമപഞ്ചായത്തുകളിലെ ഭൂമി ഏറ്റെടുക്കൽ നടപടികൾ അന്തിമഘട്ടത്തിലാണെന്നും കേരളത്തിൽ ആദ്യമായാണ് കിഫ്ബി നിർമിതികൾക്കുള്ള നഷ്ടപരിഹാരത്തുക നൽകി ഭൂമി ഏറ്റെടുക്കുന്നതെന്നും സനീഷ്കുമാർ ജോസഫ് എംഎൽഎ അറിയിച്ചു.
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നിർമിതികൾ നഷ്ടപ്പെടുന്നവർക്കായി വിതരണം ചെയ്യുന്നതിനായി അനുവദിച്ച തുക ഇതിനോടകം കിഫ്ബി കെആർഎഫ്ബിയ്ക്കു കൈമാറിയിട്ടുള്ളതായും തുകയ്ക്ക് അർഹരായവരുടെ ബന്ധപ്പെട്ട രേഖകളുടെ പരിശോധന നടപടികൾ പൂർത്തിയാകുന്നതോടെ തുക വിതരണം ആരംഭിക്കുമെന്നും എംഎൽഎ അറിയിച്ചു.
നഷ്ടപരിഹാര തുക വിതരണവുമായി ബന്ധപ്പെട്ട് ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും തുക വിതരണ നടപടികൾക്കെതിരെ നടക്കുന്ന കുപ്രചാരണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും ബന്ധപ്പെട്ട നടപടികൾ എത്രയും വേഗം പൂർത്തീകരിച്ച് വിതരണം നടത്തുവാൻ കെആർഎഫ്ബി ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയതായും എംഎൽഎ കൂട്ടിച്ചേർത്തു.
ജനപ്രതിനിധികൾ, വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി, കെആർഎഫ്ബി ഉദ്യോഗസ്ഥർ എന്നിവരുൾപ്പെട്ട കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ പുരോഗമിക്കുന്ന രേഖ പരിശോധന നടപടികളും അന്തിമഘട്ടത്തിലാണ്.