തടിയിറക്കാൻ വന്ന ലോറി മണ്ണിൽ താഴ്ന്നു
1377268
Sunday, December 10, 2023 2:43 AM IST
മുരിങ്ങൂർ: തടിയുമായി എത്തിയ ലോറി മണ്ണിൽ താഴ്ന്നു. വാഹനഗതാഗതം തടസപ്പെട്ടു. മുരിങ്ങൂർ - ഏഴാറ്റുമുഖം റോഡിൽ സ്റ്റേറ്റ് ബാങ്കിനു സമീപമാണു ലോറി താഴ്ന്നത്. ജല അഥോറിറ്റി പൈപ്പുകൾ മാറ്റി ഇടുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് കുഴിയെടുത്ത ഭാഗങ്ങളിൽ മെറ്റൽ വിരിച്ച് ടാറിംഗിനു വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം രാത്രി കനത്ത മഴ പെയ്തിരുന്നു. ഇന്നലെ രാവിലെ ഏഴിനു പ്രദേശത്തെ തടി മില്ലിലേക്ക് എത്തിയ ലോറിയുടെ പിൻചക്രങ്ങൾ പൈപ്പിടാൻ കുഴിയെടുത്ത ഭാഗത്തെ മണ്ണിലേക്കു പൂണ്ടു പോവുകയായിരുന്നു. മേലൂരിൽ നിന്നുള്ള സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങൾ ഏറെ നേരം റോഡിൽ കുടുങ്ങി.
നാട്ടുകാരുടെ നേതൃത്വത്തിൽ ചെറു വാഹനങ്ങളെ ഇടവഴിയിലൂടെ ജംഗ്ഷനിൽ എത്തിച്ച് തിരക്ക് ഒഴിവാക്കി. ചാലക്കുടിയിലേക്കു യാത്രക്കാരുമായി വന്ന രണ്ട് സ്വകാര്യ ബസുകൾക്ക് ഓട്ടം പൂർത്തിയാകാൻ കഴിഞ്ഞില്ല.
വഴിയിൽ കുടുങ്ങിയ ബസുകൾ ഏറേദൂരം പിന്നോട്ടു സഞ്ചരിച്ച് മേലൂരിലെത്തി കല്ലുകുത്തി -വെട്ടുകടവ് പാലത്തിലൂടെ ചാലക്കുടി മാർക്കറ്റിലൂടെ സ്റ്റാൻഡിലെത്തി.ക്രെയിൻ ഉപയോഗിച്ച് മണ്ണിൽ താഴ്ന്ന ലോറി വലിച്ചു കയറ്റി ഗതാഗതം പുനരാരംഭിച്ചു.