മുരിങ്ങൂരില്‍ വീണ്ടും വാഹനങ്ങള്‍ കൂട്ടിയിടിച്ചു; ആർക്കും പരിക്കില്ല
1377266
Sunday, December 10, 2023 2:43 AM IST
മുരിങ്ങൂർ: ദേശീയപാത മുരിങ്ങൂരില്‍ വീണ്ടും വാഹനങ്ങള്‍ കൂട്ടിയിടിച്ചു; ആർക്കും പരിക്കില്ല. ഇന്നലെ വൈകീട്ട് അഞ്ചിനാണു സംഭവം. തൃശൂര്‍ - എറണാകുളം പാതയിൽ മൂന്നു വാഹനങ്ങളാണ് അപകടത്തിലായത്.
മുരിങ്ങൂര്‍ ജംഗ്ഷനില്‍ സിഗ്നലായതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന ഗ്യാസ് സിലിണ്ടര്‍ ലോറിയുടെ പിറകില്‍ ഡിവൈൻ നഗർ മേല്‍പ്പാലം ഇറങ്ങിവന്ന രണ്ടു കാറുകൾ ഇടിച്ചു. ഏറ്റവും പിറകിൽ അപകടത്തിലായ കാറിൽ നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരായിരുന്നു.
അവര്‍ മറ്റൊരു വാഹനത്തില്‍ യാത്ര തുടർന്നു. ഇടിച്ച വാഹനങ്ങള്‍ നാട്ടുകാരുടെ സഹായത്തോടെ ദേശീയപാതയിൽനിന്നു മാറ്റി. കഴിഞ്ഞ ദിവസവും മുരിങ്ങൂരിൽ അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചിരുന്നു. അമിത വേഗതയും വാഹനങ്ങളുടെ എണ്ണത്തിലെ വർധനവും സിഗ്നൽ കാത്തു കിടക്കാനുള്ള ക്ഷമയില്ലാത്തതുമാണു കുട്ടിയിടിക്കു കാരണമാകുന്നതെന്നു നാട്ടുകാരും യാത്രക്കാരും പറയുന്നു.