പട്ടിക്കാട് മേൽപ്പാതയിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം
1377263
Sunday, December 10, 2023 2:30 AM IST
പട്ടിക്കാട്: ദേശീയപാതയിൽ പട്ടിക്കാട് മേൽപ്പാതയിൽ മൂന്നു ലോറികൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറിയുടെ കാബിനിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുക്കാനായതു അഗ്നിരക്ഷാസേന സ്ഥലത്തെത്തി സ്റ്റിയറിംഗും സീറ്റും മുറിച്ചുമാറ്റിയശേഷം. കാലിനു പരിക്കേറ്റ ഇയാളെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ പുലർച്ചെ രണ്ടിന് പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. എറണാകുളത്ത് നിന്നും സ്ക്രാപ്പ് കയറ്റി പോയിരുന്ന നാഷണൽ പെർമിറ്റ് ലോറിയുടെയും ഇതേ ദിശയിൽ പോയിരുന്ന ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറിയുടെയും പിറകിലാണ് കണ്ടെയ്നർ ലോറി ഇടിച്ചു കയറിയത്.
ഇടിയുടെ ആഘാതത്തിൽ പൂർണമായും തകർന്ന കാബിനിൽ ഒന്നേകാൽ മണിക്കൂർ ഡ്രൈവർ കുടുങ്ങിക്കിടന്നു. മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരും യാത്രക്കാരും ചേർന്ന് ഇയാളെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്നാണ് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയത്.
ചരക്ക് ലോറിയിലെയും ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറിയിലെയും ഡ്രൈവർമാർ വാഹനങ്ങൾ റോഡിൽ നിർത്തിയിട്ട് വാക്കുതർക്കത്തിൽ ഏർപ്പെട്ടതാണ് അപകത്തിന് കാരണം.
അപകടത്തിൽപ്പെട്ട ചരക്ക് ലോറി ദേശീയപാതയുടെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചു നിന്നതിനാൽ സർവ്വീസ് റോഡിലേയ്ക്ക് മറിയാതെ രക്ഷപെട്ടു. അപകടത്തെ തുടർന്ന് ദേശീയപാതയോരത്ത് സ്ഥാപിച്ചിരുന്ന സൂചനാ ബോർഡ് സർവീസ് റോഡിലേയ്ക്കു വീണെങ്കിലും ഇതുവഴിപോയ കാൽനടയാത്രക്കാരായ യുവാക്കൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അപകടത്തെത്തുടർന്ന് അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. പീച്ചി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഒരാഴ്ചക്കുള്ളിൽ മേൽപ്പാതയിൽ നടക്കുന്ന മൂന്നാമത്തെ അപകടമാണിത്.