കിരാലൂർ വില്ലൻകോടിൽ കുറുക്കന്റെ ശല്യം രൂക്ഷം
1377254
Sunday, December 10, 2023 2:30 AM IST
കിരാലൂർ: കിരാലൂർ മുറ്റത്ത് മാമൂട്ടിൽ ബിജുവിന്റെ വീട്ടിൽ കെട്ടിയിട്ടിരുന്ന ഒരു പോമറേനിയൻ നായക്കുട്ടിക്കും അയൽവാസിയുടെ വീട്ടിലെ വളർത്തുനായക്കും കുറുക്കന്റെ ആക്രമണത്തിൽ ഇന്നലെ പരിക്കേറ്റു. തൊട്ടടുത്ത് താമസിക്കുന്ന കാർത്യായിനിയമ്മയുടെ വീട്ടിലെ കോഴികളെയും പൂച്ചകളെയും ഇന്നലെ കടിച്ചുകൊല്ലുകയും ചെയ്തു.
വഴിയാത്രക്കാരെയും കുറുക്കൻ ഓടിച്ചിട്ട് ആക്രമിക്കാൻ ശ്രമിച്ചു. അതേത്തുടർന്ന് നാട്ടുകാർ വേലൂർ പഞ്ചായത്തിൽ വിവരം അറിയിക്കുകയും പഞ്ചായത്ത് അധികൃതർ എരുമപ്പെട്ടി ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് അധികൃതർ സ്ഥലം സന്ദർശിച്ച് പ്രദേശവാസികൾക്ക് ജാഗ്രതാനിർദേശം നൽകുകയും ചെയ്തു. കൂട്ടത്തോടെയുള്ള ആളുകളെ കാണുമ്പോൾ കുറുക്കൻ പൊന്തക്കാട്ടിൽ ഒളിക്കുകയും വഴിയിലൂടെ തനിച്ചു പോകുന്നവരുടെ അരികിലേക്ക് ആക്രമിക്കുവാൻ വരികയുമാണ് ചെയ്യുന്നത്.
10 ദിവസങ്ങൾക്കു മുമ്പ് പ്രദേശത്തെ സി.ആർ. നമ്പീശൻ, മോഹനൻ എന്നിവർ കുറുക്കന്റെ കടിയേറ്റ് മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരുന്നു. ഹരിതകർമ സേനയിൽ ജോലി ചെയ്യുന്ന സ്ത്രീകളെയും കുറുക്കൻ ആക്രമിക്കാൻ ശ്രമിച്ചു. ഹരിതകർമ സേനയിലെ ഒരാളുടെ ഡ്രസ് വലിച്ചു കീറിയെങ്കിലും ബഹളം വച്ചതിനെതുടർന്ന് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ആ വഴിയിലൂടെ പലചരക്കു സാധനങ്ങൾ വാങ്ങിവരുന്നവരെയും ആക്രമിക്കുകയും സഞ്ചിയും കവറുമെല്ലാം തട്ടിപ്പറിച്ച് കടിച്ചുപൊളിക്കുകയും ചെയ്തു. പ്രദേശവാസികൾ ഭീതിയോടെയാണ് ആ വഴിയിലൂടെ കടന്നുപോകുന്നത്. ഇതിനൊരു ശാശ്വതപരിഹാരം സ്വീകരിക്കണമെന്ന് ആവ ശ്യപ്പെട്ട് പ്രദേശവാസികൾ പഞ്ചായത്തിൽ പരാതി നൽകി.