തേശേരിയില്‍ 110 മണിക്കൂര്‍ നിലയ്ക്കാത്ത ബൈബിള്‍ പാരായണം സമാപിച്ചു
1377029
Saturday, December 9, 2023 2:13 AM IST
കൊടകര: കെസിബിസി ബൈബിള്‍ കമ്മീഷന്റെയും ഇരിങ്ങാലക്കുട രൂപത ബൈബിള്‍ അപ്പസ്തോലേറ്റിന്റെയും ഡിവൈന്‍ മേഴ്സി വചന ഫാമിലി കൂട്ടായ്മയുടെയും നേതൃത്വത്തില്‍ തേശേരി സെന്റ് മേരീസ് ഇടവകയില്‍ നടന്ന 110 മണിക്കൂര്‍ അഖണ്ഡ ബൈബിള്‍ പാരായണം സമാപിച്ചു.
400 ഓളം പേര് ഇടമുറിയാതെ വായിച്ചാണ് അഖണ്ഡ ബൈബിള്‍ പാരായണം പൂര്‍ത്തിയാക്കിയത്. സമാപന സമ്മേളനത്തില്‍ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് പാലയ്ക്കപ്പിള്ളി അധ്യക്ഷനായി. വിശുദ്ധ ഗ്രന്ഥത്തക്കുറിച്ചുള്ള അജ്ഞത യേശുവിനെക്കുറിച്ചുള്ള അജ്ഞതയാണെന്നും വചനം മാംസമായ രക്ഷകനായ ഈശോയെ അടുത്തറിയാന്‍ വിശുദ്ധ ഗ്രന്ഥപാരായണം കൂടുതല്‍ സഹായിക്കുമെന്നും സമാപന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.
കെസിബിസി ബൈബിള്‍ കമ്മീഷന് സെക്രട്ടറി ഫാ. ജോജു കോക്കാട്ട്, ഫാ. ഡിബിന്‍ ഐനിക്കല്‍, രൂപത ബൈബിള്‍ അപ്പസ്തോലേറ്റ് ഡയറക്ടര്‍ ഫാ. സീമോന്‍ കാഞ്ഞിത്തറ, ഡിവൈന്‍ മേഴ്സി വചന ഫാമിലി കോ-ഓർഡിനേറ്റര്‍ ബൈജു തേച്ചേരി, ഇടവക കൈക്കാരന്മാര് എന്നിവര്‍ നേതൃത്വം നല്കി.