നങ്ങ്യാർകൂത്തിനു വാഗ്ദാനമായി അഭിരാമി
1377024
Saturday, December 9, 2023 2:13 AM IST
തൃശൂർ: കൂത്തിന്റെയും കൂടിയാട്ടത്തിന്റെയും വിളനിലമായ പൈങ്കുളത്തുനിന്ന് നങ്ങ്യാർകൂത്തിനു വാഗ്ദാനമായി അഭിരാമി ചാക്യാർ. ഏകാംഗാഭിനയശൈലീ കലാരൂപമായ നങ്ങ്യാർകൂത്തിൽ കാളിയമർദനം കഥ അവതരിപ്പിച്ചാണ് അഭിരാമി ഒന്നാംസ്ഥാനം നേടിയത്. ചേലക്കര എൽഎഫ്ജിഎച്ച്എസിലെ ഒമ്പതാംക്ലാസ് വിദ്യാർഥിനിയാണ്.
കഴിഞ്ഞ ആറുവർഷമായി നങ്ങ്യാർകൂത്ത് പഠിച്ചുവരുന്ന അഭിരാമി ആദ്യമായാണു കലോത്സവത്തിൽ പങ്കെടുക്കുന്നത്. പൈങ്കുളം നാരായണചാക്യാർ, കലാമണ്ഡലം സ്മിത എന്നിവരുടെ ശിക്ഷണത്തിലാണ് അഭ്യസനം. പൈങ്കുളം രാമചാക്യാർ സ്മാരകകലാപീഠം വിദ്യാർഥിയാണ്. രണ്ടു വർഷമായി പാഠകവും അഭ്യസിക്കുന്നുണ്ട്. ചേലക്കരയിൽ ട്രഷറി ജീവനക്കാരനായ പൈങ്കുളം ചാക്യാർമഠത്തിൽ രവി ചാക്യാരാണ് അച്ഛൻ. അമ്മ ബിന്ദു. സംസ്കൃതം പദ്യം ചൊല്ലലിൽ എ ഗ്രേഡോടെ രണ്ടാംസ്ഥാനവും അഭിരാമി നേടി.