തൊട്ടിപ്പാൾ ക്ഷേത്രത്തിൽ അരനൂറ്റാണ്ടുമുമ്പ് മണ്ണുമൂടിപ്പോയ ഗണപതിവിഗ്രഹം കണ്ടെത്തി
1377019
Saturday, December 9, 2023 2:13 AM IST
തൊട്ടിപ്പാൾ: ഭഗവതി ക്ഷേത്രത്തിലെ ആൽമരം മുറിച്ചപ്പോൾ അരനൂറ്റാണ്ടുമുമ്പ് മണ്ണുമൂടിപ്പോയ ഗണപതിവിഗ്രഹം കണ്ടെത്തി. കൂറ്റൻ ആൽമരത്തിന്റെ വേരുകൾക്കിടയിൽ മൂടിപ്പോയ കരിങ്കൽവിഗ്രഹം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്. ഒന്നരയടി ഉയരമുള്ള പീഠം ഉൾപ്പെടെ മൂന്നടി ഉയരമുള്ളതാണ് ഗണപതിവിഗ്രഹം.
കാലപ്പഴക്കമേറെയുള്ള ആലിന്റെ വലിയ വേരുകളും മരക്കൊമ്പുകളും ക്ഷേത്രത്തിനും ചുറ്റുമതിലിനും ബലിക്കല്ലുകൾക്കും ഭീഷണിയായി തുടങ്ങിയതോടെ ആൽമരം മുറിക്കുന്നതിനുള്ള പണികൾ മൂന്നാഴ്ചയോളമായി നടക്കുകയായിരുന്നു. ക്ഷേത്ര പുനഃരുദ്ധാരണത്തിന്റെ ഭാഗമായുണ്ടായ പ്രശ്നവിധിപ്രകാരമാണ് ആൽമരം മുറിക്കാൻ നിശ്ചയിച്ചത്. ആൽത്തറയിൽ ഗണപതി സാന്നിധ്യത്തെക്കുറിച്ച് നേരത്തേ സൂചനയുണ്ടായിരുന്നു.
ക്ഷേത്ര ദർശനം നടത്തുന്ന ഭക്തർ ഇവിടെ ഗണപതി സങ്കൽപത്തിൽ തൊഴുന്നതും പതിവാണ്്. 76 കാരനായ ക്ഷേത്ര ഉപദേശക സമിതിയംഗം കാളത്ത് മോഹനചന്ദ്രൻ 1970ൽ തൊട്ടിപ്പാൾ ആൽചുവട്ടിലെ ഗണപതി പ്രതിഷ്ഠ കണ്ടതായി ഓർക്കുന്നു. ബോംബെയിലായിരുന്ന അദ്ദേഹം 2000ൽ തിരിച്ചെത്തിയപ്പോൾ വിഗ്രഹത്തിന്റെ ലക്ഷണമൊന്നുമില്ലാത്തവിധം ആലിന്റെ വേരുകൾ മൂടിപ്പോയിരുന്നു.
ഗണപതി പ്രതിഷ്ഠയെക്കുറിച്ചുള്ള ഓർമ മൂലം ആൽമരം മുറിക്കുമ്പോൾ മുന്നറിയിപ്പ് നൽകിയിരുന്നതായി മോഹനചന്ദ്രൻ പറയുന്നു. 20 ദിവസത്തോളമായി വളരെ സൂക്ഷ്മതയോടെയാണ് ആൽമരം മുറിച്ചുകൊണ്ടിരുന്നത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ആലിന്റെ വേരിൻ പടർപ്പിനുള്ളിൽ വിഗ്രഹം കണ്ടെത്തിയത്.
മണ്ണ് നീക്കിയെടുത്ത വിഗ്രഹം യഥാവിധി പ്രതിഷ്ഠ നടത്തുന്നതിനുള്ള നടപടികൾ ഉണ്ടാകുമെന്ന് ക്ഷേത്രഭരണസമിതി അറിയിച്ചു. 1442-ാമത് ആറാട്ടുപുഴ പൂരമാണ് ഈ വർഷം നടക്കാനിരിക്കുന്നത്. പൂരത്തിന്റെ പ്രാരംഭകാലം മുതലുള്ള പങ്കാളിയാണ് തൊട്ടിപ്പാൾ ഭഗവതി.
ആൽമരചുവട്ടിലെ ഗണപതിവിഗ്രഹത്തിനും ഏതാണ്ടിത്ര പഴക്കമുണ്ടാകുമെന്നാണ് നാട്ടുകാരും പറയുന്നത്. കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ ശ്രീരാജ് ചുണ്ടാലത്ത്, ദേവസ്വം കമ്മീഷണർ സി. അനിൽകുമാർ, സെക്രട്ടറി പി. ബിജു, ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കർത്ത, അസി. കമ്മീഷണർ എം.ആർ. മിനി, ദേവസ്വം ഓഫീസർ യു. അനിൽകുമാർ, ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.