തൃപ്രയാർ ഏകാദശി ഇന്ന്
1377018
Saturday, December 9, 2023 2:13 AM IST
തൃപ്രയാർ: പ്രസിദ്ധമായ തൃപ്രയാർ ഏകാദശി ഇന്ന് ആഘോഷിക്കും.
രാവിലെ എട്ടിന് നടക്കുന്ന ശീവേലിക്ക് കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രാമാണ്യത്തിൽ പഞ്ചാരിമേളം അകമ്പടിയാകും. 12.30ന് കിഴക്കേ നടപ്പുരയിൽ നാഗസ്വരക്കച്ചേരിയുണ്ടാകും. രണ്ടിന് മണലൂർ ഗോപിനാഥ് ഓട്ടൻതുള്ളൽ അവതരിപ്പിക്കും.
മൂന്നിന് നടക്കുന്ന കാഴ്ചശീവേലിക്ക് ചെറുശേരി കുട്ടൻമാരാരുടെ പ്രാമാണ്യത്തിൽ ധ്രുവംമേളം അകമ്പടിയാകും. ആറിന് കിഴക്കേ നടപ്പുരയിൽ പാഠകമുണ്ടാകും. 6.30ന് നടക്കുന്ന ദീപാരാധനയ്ക്ക് തൃപ്രയാർ രമേശൻ മാരാരുടെ പ്രാമാണ്യത്തിൽ പഞ്ചവാദ്യം അകമ്പടിയാകും. കിഴക്കേ നടപ്പുരയിൽ സ്പെഷൽ നാഗസ്വരവുമുണ്ടാകും.
രാത്രി 11.30ന് നടക്കുന്ന വിളക്കിനെഴുന്നള്ളിപ്പിന് തൃപ്രയാർ അനിയൻ മാരാരുടെ പ്രാമാണ്യത്തിൽ മേളം അകമ്പടിയാകും. ദ്വാദശി ദിവസമായ നാളെ പുലർച്ചെ രണ്ടിന് തൃപ്രയാർ രമേശൻ മാരാരുടെ പ്രാമാണ്യത്തിൽ പഞ്ചവാദ്യം അരങ്ങേറും. നാലിന് ദ്വാദശി പണം സമർപ്പണം, എട്ടിന് ദ്വാദശി ഊട്ട് എന്നിവയോടെ ഏകാദശി ചടങ്ങുകൾ സമാപിക്കും.