ദേശീയപാത നിർമാണം: തീരദേശത്ത് കുടിവെള്ളം നിലച്ചിട്ട് മാസങ്ങൾ
1376688
Friday, December 8, 2023 1:35 AM IST
ഏങ്ങണ്ടിയൂർ: ദേശീയപാത വികസന പ്രവർത്തനങ്ങളുടെ ഭാഗമായി തകർന്ന വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പുകൾ നന്നാക്കാത്തതു മൂലം തീരദേശത്ത് കുടിവെള്ള വിതരണം നിലച്ചിട്ട് മാസങ്ങൾ പിന്നിട്ടു.
തീരദേശ മേഖലയായ ചേറ്റുവ പടന്ന, വി.എസ് കേരളീയൻ റോഡ് പരിസരം എന്നിവിടങ്ങളിലും ഏങ്ങണ്ടിയൂർ ഗ്രാമ പഞ്ചായത്തിലെ മറ്റു പ്രദേശങ്ങളിലുമാണ് കുടിവെള്ളം ലഭിക്കാതെ നാട്ടുകാർ ബുദ്ധിമുട്ടുന്നത്.
ചുറ്റുഭാഗവും ഉപ്പുവെള്ളം നിറഞ്ഞ പ്രദേശമായതിനാൽ പരിസരങ്ങളിൽ ശുദ്ധജലം ലഭ്യമല്ല. ഇതുമൂലം 300 മുതൽ 600 രൂപവരെ പ്രതിദിനം മുടക്കിയാണു പരിസരവാസികൾ കുടിവെള്ളം വാങ്ങിക്കുന്നത്.
കൂലിപ്പണിക്കാരും മത്സ്യത്തൊഴിലാളികളും തൊഴിലുറപ്പു തൊഴിലാളികളുമാണ് ഇവിടെ താമസിക്കുന്നവരിൽ ഭൂരിഭാഗവും. വരുമാനത്തിന്റെ മുഴുവൻ ഭാഗവും കുടിവെള്ളം വാങ്ങാനായി മുടക്കേണ്ട അവസ്ഥയാണിവർക്ക്. പ്രദേശത്തെ കുടിവെള്ളക്ഷാമം ചൂണ്ടിക്കാണിച്ച് പൊതുപ്രവർത്തകനായ ലെത്തീഫ് കെട്ടുമ്മൽ ജില്ലാകളക്ടർക്ക് പലതവണ പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല.
കളക്ടർ പരാതികൾ വാട്ടർഅഥോറിറ്റി സൂപ്രണ്ടിന് കൈമാറുന്നുണ്ടെങ്കിലും വാട്ടർ അഥോറിറ്റി പ്രശ്നത്തിൽ ഇടപെടുന്നില്ലെന്നാണ് ആക്ഷേപം. അടുത്ത ദിവസം വാട്ടർ അഥോ റിറ്റി ഓഫീസിനു മുന്നിൽ നിരാഹാര സമരം ഉൾപ്പടെ പ്രതിഷേധ പരിപാടികൾ നടത്തുമെന്നു പൊതുപ്രവർത്തകനായ ലെത്തീ ഫ് കെട്ടുമ്മൽ പറഞ്ഞു.