ഏഴാനക്കൂട്ടത്തിന്റെ റോഡ് മുറിച്ചുകടക്കല്‍ പതിവായി; യാത്രക്കാര്‍ രക്ഷപ്പെടുന്നതു തലനാരിഴയ്ക്ക്
1376687
Friday, December 8, 2023 1:35 AM IST
പാലപ്പിള്ളി: അക്രമകാരികളായ ഏഴു കാട്ടാനകള്‍ സ്ഥിരമായി റോഡ് മുറിച്ചുകടക്കുന്ന പാലപ്പിള്ളി പിള്ളത്തോടു പരിസരത്ത് ജീവന് പണയപ്പെടുത്തിയാണു വഴിയാത്രക്കാര്‍ കടന്നുപോകുന്നത്.
മുന്‍പ് രാത്രിയിലായിരുന്നു ആനകള്‍ റോഡില്‍ ഇറങ്ങാറുള്ളത്. എന്നാല്‍ ഇപ്പോള്‍ ദിവസവും ചുരുങ്ങിയത് മൂന്നുതവണയെങ്കിലും പകല്‍ സമയത്ത് ആനകള്‍ റോഡ് മുറിച്ചുകടക്കുന്നതായി നാട്ടുകാര്‍ പറയുന്നു.
പാലപ്പിള്ളിയിലേക്കു പോകുന്ന വഴിയില്‍ പലയിടങ്ങളിലും ആനക്കൂട്ടം ഇറങ്ങാറുണ്ടെങ്കിലും ഈ ഏഴ് ആനകള്‍ അക്രമസ്വഭാവമുള്ളതാണെന്നതാണ് വഴിയാത്രക്കാരെയും നാട്ടുകാരെയും ഭീതിയിലാഴ്ത്തുന്നത്. ഇരുവശത്തുമുള്ള തോട്ടങ്ങളില്‍ നിന്ന് പെട്ടെന്നാണ് ആനകള്‍ റോഡിലേക്ക് എത്തുന്നത്. ഈ സമയത്ത് ആനകളുടെ മുന്പില് പെട്ടാല്‍ ഇവ ആക്രമിക്കാനും സാധ്യതയേറെയാണ്.
കാടിറങ്ങിയ ആനകള്‍ പിള്ളത്തോടു ഭാഗത്തെ തോട്ടത്തിന്റെ കല്ഭിത്തികള് തകര്‍ത്താണ് മറുവശത്തേക്കു കടക്കുന്നത്. അതിരാവിലെയാണ് ആനകളുടെ ആദ്യത്തെ റോഡ് മുറിച്ചുകടക്കല്‍. ഈ സമയങ്ങളിലാണു തൊഴിലാളികള്‍ തോട്ടങ്ങളില്‍ പണിക്കിറങ്ങുന്നത്.
ഇന്നലെ രാവിലെയും ഇത്തരത്തില്‍ ആനകള്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ നിരവധി വാഹനയാത്രക്കാര്‍ റോഡില്‍ കുടുങ്ങി.
യാത്രക്കാര്‍ ഹോണ്‍ മുഴക്കിയാല്‍ ആനകള്‍ അവര്‍ക്ക് നേരെ പാഞ്ഞടുക്കും. ഏതുനിമിഷവും അപകടം പതിയിരിക്കുന്ന പിള്ളത്തോട് പാലം കടന്നു വേണം പാലപ്പിള്ളി, ചിമ്മിനി ഡാം, ചൊക്കന എന്നിവിടങ്ങളില്‍ എത്താന്‍.
കഴിഞ്ഞ രണ്ടു ദിവസമായി ഈ പ്രദേശത്ത് 40 ഓളം ആനകള്‍ ഉണ്ടെന്നാണു തൊഴിലാളികള്‍ പറയുന്നത്. റോഡിലേക്ക് ആനകള്‍ ഇറങ്ങാതിരിക്കാന്‍ വശങ്ങളില് വൈദ്യുതിവേലി സ്ഥാപിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.