അധികാരം നല്കിയാല് എങ്ങനെ ഭരിക്കാമെന്നു കാണിക്കാം: സുരേഷ് ഗോപി
1376676
Friday, December 8, 2023 1:35 AM IST
ഇരിങ്ങാലക്കുട: നാടിന്റെ വികസനപ്രശ്നങ്ങള്‍ ജനങ്ങളുമായി ചര്‍ച്ച ചെയ്തും ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞും മുന്‍ എംപിയും ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. എസ്ജി കോഫി ടൈംസ് എന്ന പരിപാടിയുടെ ഭാഗമായിട്ടാണ് മുന്‍ എംപി ഇരിങ്ങാലക്കുട മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ എത്തിയത്. എല്ലാ പൗരന്മാരും വിചാരിച്ചാല്‍ തീരാവുന്ന പ്രശ്നങ്ങളാണു നാം നേരിടുന്നവയില്‍ പലതുമെന്നു വേളൂക്കര പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന സംവാദത്തില്‍ പങ്കെടുത്ത് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.
ഗ്രാമീണ റോഡുകളുടെ ഇരുവശങ്ങളിലും വളര്‍ന്ന് നില്ക്കുന്ന കുറ്റിചെടികളുടെ അതിപ്രസരത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായിട്ടാണ് ഇങ്ങനെ പറഞ്ഞത്.
വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം നല്കുന്ന വ്യവസ്ഥ മോഡിയന്‍ വിപ്ലവത്തിന്റെ നേട്ടമാണ്. കേരളത്തിലെ തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച ഓഡിറ്റ് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. എങ്ങനെയാണ് ഭരിക്കേണ്ടതെന്ന് കാണിച്ച് തരാമെന്ന് സംസ്ഥാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം, ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് കവിത ബിജു, ആളൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി വിപിന്‍ പാറേമക്കാട്ടില്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജിതേഷ് മോഹന്‍ തുടങ്ങിയവരും പങ്കെടുത്തു.