മർച്ചന്റ്സ് യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ കൊരട്ടിയിൽ പ്രതിഷേധ മാർച്ച്
1376407
Thursday, December 7, 2023 1:22 AM IST
കൊരട്ടി: ദേശീയപാത സിഗ്നൽ ജംഗ്ഷനിലെ നിർദിഷ്ട അടിപ്പാതക്കെതിരെ കൊരട്ടി മർച്ചന്റ്സ് യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കൊരട്ടി യൂണിറ്റ് പ്രസിഡൻ്റ് വിനീഷ് സുകുമാരന്റെ നേതൃത്വത്തിൽ ചിറങ്ങരയിൽ നിന്നും കൊരട്ടിയിലേക്ക് സംഘടിപ്പിച്ച മാർച്ചിൽ യൂത്ത് വിംഗ് പ്രവർത്തകരും വ്യാപാരികളും ഇതര സംഘടനാ പ്രതിനിധികളും പങ്കെടുത്തു.
വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കൗൺസിൽ അംഗവും കൊരട്ടി യൂണിറ്റ് പ്രസിഡന്റുമായ ബെന്നി ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു. മുദ്രാവാക്യം വിളികളുമായി ചിറങ്ങരയിൽ നിന്നും കാൽനടയായി കൊരട്ടിയിലെത്തിയ പ്രവർത്തകർ ദേശീയപാതക്ക് കുറുകെ പിറകോട്ട് നടന്ന് പ്രതിഷേധിച്ചു. നാടിനെ മുന്നോട്ടു നയിക്കേണ്ട ഭരണാധികാരികൾ വികസനകാര്യങ്ങളിൽ നാടിനെ പിറകിലേക്ക് കൊണ്ടു പോകുന്നതിന്റെ പ്രതീകാത്മക പ്രതിഷേധമായിരുന്നു പിൻ നടത്തം.
കൊരട്ടിയിലും ചിറങ്ങരയിലും മേൽപ്പാലം വേണമെന്ന ആവശ്യമാണ് യൂത്ത് വിംഗ് മുന്നോട്ടുവയ്ക്കുന്നത്. ജംഗ്ഷനിൽ വൻമതിൽ ഉയരുന്നതോടെ നാടിന്റെ ഭാവിയും വികസനവും സ്തംഭിക്കുമെന്നും ഇതിനെതിരെ പൊതു സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും യൂത്ത് വിംഗ് ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇന്നിന്റെ സമരം എന്നതിലപ്പുറം നാളത്തെ തലമുറക്കുവേണ്ടിയുള്ള കരുതലായി കരുതി കക്ഷിരാഷ്ട്രീയ, ജാതി മത ചിന്തകൾക്കതീതമായി അടിപ്പാതക്കെതിരെ അണിചേരണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. അടിപ്പാതക്കെതിരെ നിയമപരമായും വിവിധ സംഘടനകളെ കൃത്യമായി ഏകോപിപ്പിച്ചും മുന്നോട്ടു പോകുന്ന സേവ് കൊരട്ടി കൂട്ടായ്മയ്ക്ക് യൂത്ത് വിംഗ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
മാർച്ചിനു ശേഷം നടന്ന സമാപന സമ്മേളനം കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന പ്രസിഡന്റ് പ്രിൻസ് തെക്കൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വിനീഷ് സുകുമാരൻ അധ്യക്ഷനായി. മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളായ ബെന്നി ജോസഫ്, പി.വി. ഫ്രാൻസീസ്, കെ.ഒ. പോളി, യൂത്ത് വിംഗ് ചാലക്കുടി നിയോജക മണ്ഡലം ട്രഷറർ സോണറ്റ് മൈനാട്ടി, ഇ.ബി. ഷഹീർ, വർഗീസ് പൈനാടത്ത്, വനിതാ വിംഗ് പ്രസിഡന്റ് ലിസി ആന്റു, ഗ്രാമപഞ്ചായത്ത് അംഗം ബിജോയ് പെരേപ്പോടൻ, സേവ് കൊരട്ടി ഭാരവാഹികളായ എൻ.ഐ. തോമസ്, ജോസഫ് വർഗീസ് എന്നിവർ പ്രസംഗിച്ചു.