ജാനകിയുടെ വീടുവിറ്റുകിട്ടിയ തുക മോതിരക്കണ്ണി "അമ്മ' മഠത്തിലേക്ക്
1376406
Thursday, December 7, 2023 1:22 AM IST
ചാലക്കുടി: വാർധക്യകാലത്ത് അഭയം നല്കിയ അമ്മമഠത്തിലേക്ക് മുഴുവന്‍ സമ്പാദ്യവും നല്കി ജാനകി. ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളിക്കു സമീപം കനാല്‍പുറമ്പോക്കിലെ മട്ടുമ്മല്‍ വീട്ടില്‍ ജാനകിയെന്ന എണ്പത്തിയഞ്ചുകാരിയാണു കനാല്‍പുറമ്പോക്കിലെ വീട ു വിറ്റുകിട്ടിയ മുഴുവന്‍ തുകയും മോതിരക്കണ്ണി അമ്മമഠത്തിലേക്കു നല്‍കിയത്.
ജാനകിയുടെ ആഗ്രഹപ്രകാരം ഇവരുടെ മരണത്തിനു ശേഷം വാര്‍ഡ് കൗണ്‍സിലര്‍ സി.എസ്. സുരേഷിന്റെ നേതൃത്വത്തിലാണു വീടു വിറ്റുകിട്ടിയ മൂന്നുലക്ഷം രൂപ കൈമാറിയത്. സെന്റ് മേരീസ് ഫൊറോന വികാരി ഫാ. ജോളി വടക്കനില്‍ നിന്നും അമ്മമഠം അധികൃതരായ സിസ്റ്റര്‍ ലിറ്റി മരിയ, മദർ മേരി പാസ്റ്റർ എന്നിവര്‍ ഏറ്റുവാങ്ങി.
ബന്ധുക്കളും സ്വന്തക്കാരും ഉണ്ടായിരുന്നിട്ടും അഭയമേകാന്‍ ആരുമില്ലാതിരുന്ന സാഹചര്യത്തില്‍ വാര്‍ഡ് കൗണ്‍സിലറും അയല്വാസികളുമാണു ജാനകിയുടെ സംരക്ഷണം ഏറ്റെടുത്തത്. ഇതിനിടെ രോഗം മൂര്‍ഛിച്ചതോടെ അയല്‍വാസികള്‍ക്കും മതിയായ പരിചരണം നല്കാനാകാതെയായി. തുടര്‍ന്നാണ് മോതിരക്കണ്ണിയിലെ അമ്മമഠത്തിലേക്കു മാറ്റിയത്. ആറുമാസം മുമ്പ് ജാനകി മരിച്ചു. തുടർന്ന് വീടു വിറ്റുകിട്ടിയ തുക അയൽവാസികളും കുടുംബശ്രീയും ചേർന്ന യോഗത്തിൽ ജാനകിയമ്മയെ നോക്കിയ ആശ്രമത്തിനു നൽകാൻ തീരുമാനിച്ചു.