കാരിക്കടവ് ആദിവാസി കോളനിയില്‍ കാട്ടാനശല്യം പതിവായി
1376405
Thursday, December 7, 2023 1:22 AM IST
കൊടകര: കാട്ടാനശല്യംമൂലം പൊറുതിമുട്ടുകയാണ് മറ്റത്തൂര്‍ പഞ്ചായത്തിലെ കാരിക്കടവ് കോളനിയിലെ ആദിവാസി കുടുംബങ്ങള്‍. ലക്ഷങ്ങള്‍ മുടക്കി കോളനിക്കു ചുറ്റും വനംവകുപ്പ് സ്ഥാപിച്ച സൗരോര്‍ജ വേലി സംവിധാനം തകരാറിലായതോടെയാണ് കാട്ടാനശല്യം വര്‍ധിച്ചത്.
കാരിക്കടവ് വനത്തില്‍ മുപ്ലി പുഴയോരത്താണു മലയര്‍ വിഭാഗത്തില്‍പ്പെട്ട 14 കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയുള്ളത്. പുഴ കടന്നെത്തുന്ന കാട്ടാനകള്‍ കോളനിയിലെ കുടുംബങ്ങളുടെ ഉറക്കംകെടുത്തുകയാണെന്ന് ഊരുമൂപ്പന് ചന്ദ്രന് പരാതിപ്പെട്ടു. കാട്ടാന ശല്യത്തില്‍നിന്ന് ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന ആദിവാസി കുടുംബങ്ങളുടെ നിരന്തരമായ മുറവിളിയെ തുടര്‍ന്നാണ് അടുത്തിടെ കോളനിക്കുചുറ്റുമുണ്ടായിരുന്ന സൗരോര്‍ജ വേലി വനംവകുപ്പ് അധികൃതര്‍ പുനര്‍നിര്‍മിച്ചത്.
എന്നാല്‍, കാട്ടാനകള്‍ സൗരോര്‍ജവേലിയുടെ കാലുകള്‍ ചവിട്ടിമറിച്ചിട്ടതോടെ കമ്പികള്‍ പൊട്ടുകയും സോളാര്‍ സംവിധാനം തകരാറിലാവുകയും ചെയ്തു. വേലിയിലേക്കു വൈദ്യുതി പ്രവഹിപ്പിക്കാനാകാത്തതിനാല് ഇപ്പോള്‍ സോളാര്‍ വേലി നോക്കുകുത്തിയായി മാറിയിരിക്കയാണ്. കേടുപാടുകള്‍ തീര്‍ത്ത് സൗരോര്‍ജവേലി കാര്യക്ഷമമാക്കണമെന്ന് ആദിവാസികള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഫണ്ടില്ലെന്നുപറഞ്ഞ് അധികൃതര്‍ കൈമലര്‍ത്തുകയാണെന്ന് ഊരുമൂപ്പന്
പറഞ്ഞു.