രചനകൾ ആശയസന്പുഷ്ടം, മുന കൂർത്ത കാര്ട്ടൂണുകളും
1376404
Thursday, December 7, 2023 1:22 AM IST
ടി.എ. കൃഷ്ണപ്രസാദ്
തൃശൂർ: ആശയനിഗൂഢമായ വിഷയങ്ങളാൽ സമ്പുഷ്ടമായി ജില്ലാ കലോത്സവം ആദ്യദിനത്തിലെ രചനാമത്സരങ്ങൾ. വിഷയങ്ങളിലുറങ്ങിക്കിടക്കുന്ന സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ ഭാവങ്ങൾ ചിത്രങ്ങളായും വാചകങ്ങളാലും പ്രകടിതമാക്കാൻ കുട്ടികൾ നന്നേ ബുദ്ധിമുട്ടിയെങ്കിലും പുരോഗമന കലാ സാഹിത്യ സാംസ്കാരിക നായകന്മാരെപ്പോലും അമ്പരപ്പിക്കുംവിധമായിരുന്നു സൃഷ്ടികൾ. ഓരോ ചിത്രങ്ങളും എഴുത്തുകളും ഒന്നിനൊന്നു മെച്ചമാക്കി കുരുന്നുകൾ തങ്ങളുടെ ചിന്താമണ്ഡല വിശാലത വ്യക്തമാക്കി. ഭാവിയുടെ സാഹിത്യവും കാഴ്ചപ്പാടുകളും ലോകത്തിനു മുതൽക്കൂട്ടാകുമെന്ന സൂചനകളായിരുന്നു എല്ലാം.
യുപി വിഭാഗം പെൻസിൽ ഡ്രോയിംഗിനു "മൃഗശാല കാണുന്ന കുട്ടികൾ' എന്നതായിരുന്നു വിഷയം. കളിയിലേർപ്പെട്ടിരിക്കുന്ന കുട്ടികൾ ജലച്ചായത്തിൽ പിറന്നുവീണു. ഹൈസ്കൂൾ വിഭാഗം പെൻസിൽ ഡ്രോയിംഗിനു ആതുരസേവനം, ജലച്ചായം - ആഘോഷങ്ങൾ, ഓയിൽ പെയിന്റിംഗ് - അടുക്കള. ഇന്നത്തെ രാഷ്ട്രീയവും നവമാധ്യമങ്ങളുമെന്ന കാലിക പ്രാധാന്യമുള്ള വിഷയമാണ് കാർട്ടൂണിനു നല്കിയത്. നർമത്തിൽ കുതിർന്ന രചനകൾക്കു മുനകൾ കൂടുതലായിരുന്നു. രാഷ്ട്രീയ മാധ്യമ രംഗത്തെ പലരുടെയും പൊയ്മുഖങ്ങൾ തുറന്നുകാട്ടുംവിധമുള്ള വിമർശനങ്ങൾ കുട്ടികൾ ഉന്നയിച്ചു.
ഹയർ സെക്കൻഡറി പെൻസിൽ ഡ്രോയിംഗ് - തെരുവിലെ ഉപജീവനവഴികൾ, ജലച്ചായം - കടലോര ജീവിതങ്ങൾ, ഓയിൽ പെയിന്റിംഗ് - രാത്രികാല ആഘോഷങ്ങൾ. മൈ ഡ്രീം കൊളാഷിലൂടെ നിറംപൂണ്ടു. ഗാന്ധിജി 2023ൽ ഈ നാട് വീണ്ടും സന്ദർശിച്ചാൽ എന്ന വിഷയത്തിൽ ഹയർ സെക്കൻഡറി വിദ്യാർഥികൾ മികച്ച കാർട്ടൂണുകൾ അവതരിപ്പിച്ചെന്നാണു പൊതുവെ വിലയിരുത്തൽ.
മത്സരാർഥികളുടെ ഭാവാത്മകതയ്ക്കു ചൂടുപിടിപ്പിക്കുന്ന അർഥഗർഭമായ ആശയങ്ങളുള്ള വിഷയങ്ങളാണ് കഥയ്ക്കും കവിതയ്ക്കും നല്കിയത്. യുപിക്കു കഥയ്ക്കു നല്കിയത് കാത്തിരിപ്പ്. ഹൈസ്കൂളിനു മൂടിക്കെട്ടിയ കണ്ണുകൾ. ഹയർ സെക്കൻഡറിക്കു നഷ്ടമാകുന്ന തണലുകൾ. ഉണ്ണിമോഹങ്ങളെന്ന ഓമനത്തമുള്ള വിഷയമാണ് യുപി വിഭാഗം കവിതയ്ക്കു നല്കിയത്. ഹൈസ്കൂളിനു മായാത്ത പുഞ്ചിരികളും ഹയർ സെക്കൻഡറിക്കു വാക്കും വിഷയമായി.