പൂരവും ഛായങ്ങളും ഒത്തിണങ്ങി... ഒരു ലോഗോ പിറന്നപ്പോൾ
1376402
Thursday, December 7, 2023 1:22 AM IST
ചിപ്പി ടി. പ്രകാശ്
തൃശൂർ: പൂരത്തെ ഓർമിപ്പിക്കുന്ന ആലവട്ടവും കുടമാറ്റത്തിന്റെ വർണവിസ്മയങ്ങളും... വീണ വായിക്കുന്നതോടൊപ്പം നൃത്തം ചെയ്യുന്ന സ്ത്രീയും വിവിധ നിറത്തിലുള്ള ചായങ്ങളും... ബ്രഷും പുസ്തകത്താളുകളും കഥകളിയുടെ ചുട്ടിയും ചെവിപ്പൂവും... എന്നിങ്ങനെ പോകുന്നു റവന്യു ജില്ലാ കലോത്സവത്തിന്റെ മുഖമുദ്രയായ ലോഗോയിലെ വ്യത്യസ്തത. കേച്ചേരി പെരുമണ്ണ് സ്വദേശി വി.ജി. പ്രദീപ്കുമാറാണ് ഇത്തവണത്തെ കലോത്സവ ലോഗോയുടെ കലാവിരുതിനു പിന്നിൽ. തൃശൂർ ജില്ലാ കലോത്സവമായതിനാൽത്തന്നെ തൃശൂരിന്റെ സാസ്കാരിക വിഷയങ്ങളെയും കലകളെയുമാണ് ലോഗോയിൽ ഉൾപ്പെടുത്തിയത്.
സംസ്ഥാനതലത്തിലും ദേശീയതലത്തിലുമായി ലോഗോ ഡിസൈൻ മത്സരങ്ങളിൽ നിരവധി തവണ വിജയിയായിട്ടുണ്ട് പ്രദീപ്കുമാർ. നിരവധി കമ്പനികൾക്കായും ലോഗോ ഡിസൈൻ ചെയ്തുനല്കുന്നുണ്ട്. 10 വർഷത്തോളമായി ലോഗോ ഡിസൈനിംഗിലുള്ള പ്രദീപ് ഫ്രീലാൻസ് ഡിസൈനറായി ജോലി ചെയ്യുകയാണ്.
ലോഗോയുടെ ജന്മം...
മാനദണ്ഡങ്ങൾ അനുസരിച്ചാണ് ലോഗോ തയാറാക്കുന്നത്. എന്താണ് വിഷയം അല്ലെങ്കിൽ പരിപാടി, പരിപാടി നടക്കുന്ന സ്ഥലങ്ങളുടെ പ്രത്യേകതകൾ ഇവയെല്ലാം നോക്കണം. അത്തരത്തിലുള്ള കാര്യങ്ങളാവും മാനദണ്ഡങ്ങളായി പറയുന്നതും. മനസിൽ തോന്നുന്ന ആശയത്തെ മികവുറ്റതാക്കി അവതരിപ്പിക്കണം. മികച്ചതും വ്യത്യസ്തവും പുതുമയും നിറഞ്ഞ ലോഗോ തെരഞ്ഞെടുക്കപ്പെടും. പിന്നീട് ലോഗോ പരിപാടികളുടെ മുഖമുദ്രയായി മാറും.