കരുവന്നൂരിൽ പരിഹാരം വരുമോ ?
1376125
Wednesday, December 6, 2023 1:47 AM IST
ഷോബി കെ. പോൾ
ഇരിങ്ങാലക്കുട: സഹകരണമേഖലയുടെ വിശ്വാസം തകര്‍ത്ത വൻതട്ടിപ്പാണ് സിപിഎം നിയന്ത്രണത്തിലായിരുന്ന കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നത്. തട്ടിപ്പ് പുറംലോകമറിഞ്ഞ് രണ്ടര വര്‍ഷമായിട്ടും ആശങ്ക ഒഴിയാതെ നിക്ഷേപകര്‍. ബാങ്കിനെ കരകയറ്റാനും നിക്ഷേപകരുടെ വിശ്വാസം തിരിച്ചുപിടിക്കാനും കൂടുതല്‍ പാക്കേജുകള്‍ ബാങ്കിലെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അതൊന്നും ഉടന്‍ ഫലം കാണുന്നില്ലെന്നാണ് വിലയിരുത്തല്‍. നവകേരളസദസിനു മുന്നോടിയായി നടത്തിയ അടിയന്തര ചികിത്സമാത്രമായി ഇതെല്ലാം മാറുമോ എന്ന ആശങ്കയും നിക്ഷേപകർക്കുണ്ട്. ജീവനൊടുക്കിയവരും ചികിത്സ കിട്ടാതെ ജീവന് നഷ്ടപ്പെട്ടവരുമടക്കം നിരവധി പേരാണ് തട്ടിപ്പിനിരയായത്.
ചികിത്സയ്ക്കും പെണ്മക്കളുടെ വിവാഹാവശ്യത്തിനുപോലും പണം ലഭിക്കാതെ കഷ്ടപ്പെടുന്നവരും ഏറെയാണ്. ഒരു മനുഷ്യായുസ് മുഴുവന്‍ പണിയെടുത്ത് സമ്പാദിച്ചതെല്ലാം കരുവന്നൂരില്‍ നിക്ഷേപിച്ചതോടെ പെരുവഴിയിലായവരുടെ ദുരിതകഥകള്‍ ഏറെ കേട്ടുകഴിഞ്ഞു. ചെറുകിട ബിസിനസ് ആവശ്യങ്ങള്‍ക്കും കൃഷി ആവശ്യങ്ങള്‍ക്കും തുച്ഛമായ തുക വായ്പയെടുത്തവര്‍ പിന്നീട് നാട്ടിലെ വലിയ കടക്കാരായി മാറിയ സ്ഥിതിയുമുണ്ടായി. കോണ്‍ഗ്രസും ബിജെപിയും നിരവധി സമരങ്ങളും പ്രക്ഷോഭങ്ങളുമായി രംഗത്തുവന്നു. സമ്മര്‍ദത്തിലായ സിപിഎം നേതൃത്വം അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി വഴി പല പാക്കേജുകളും പ്രഖ്യാപിച്ചു. എന്നാല്‍ ഇതുവഴി കാര്യമായ ഗുണമുണ്ടായിട്ടില്ല.
ഇരിങ്ങാലക്കുട മേഖലയിലെ പല ചിട്ടി സ്ഥാപനങ്ങളിലെയും നിക്ഷേപത്തുക കരുവന്നൂർ ബാങ്കിലാണ് നിക്ഷേപിച്ചിട്ടുള്ളത്. പലരും കുറി വിളിച്ചെടുത്ത തുക ഈടായി നല്കി ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. ബാങ്കിലെ നിക്ഷേപത്തുകയുടെ പലിശ നിശ്ചിത കാലാവധി തികയുമ്പോള്‍ ചിട്ടിസ്ഥാപനത്തില്‍ ലഭിക്കും. പലിശത്തുകയാല് ചിട്ടി മുടക്കം വരാതെ അടഞ്ഞുപോകുകയും ചിട്ടി വട്ടമെത്തുമ്പോള്‍ ഈ തുക മുഴുവനായും ലഭിക്കുകയുമായിരുന്നു. എന്നാല്‍ കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപത്തുകയില്നിന്നും പലിശ നല്‍കാതായതോടെ ചിട്ടി മുടക്കം വരുകയും കാലാവധി പൂര്‍ത്തിയായ ചിട്ടികളില്‍ പണം ലഭിക്കാത്ത അവസ്ഥയുമാണ്. 15 ഓളം ചിട്ടി സ്ഥാപനങ്ങളില്‍നിന്നും ഒന്നരക്കോടി രൂപയുടെ നിക്ഷേപമാണ് കരുവന്നൂർ ബാങ്കിലുള്ളത്.