മോചനംകാത്ത് ചാലക്കുടി അഗ്നിരക്ഷാനിലയം
1376123
Wednesday, December 6, 2023 1:47 AM IST
ചാലക്കുടി: ശോചനീയാവസ്ഥയിലായ അഗ്നിരക്ഷാ നിലയത്തിനു പുതിയ സ്ഥലവും കെട്ടിടവുമെന്ന നടപടി ചുവപ്പുനാടയിൽ. ഇടിഞ്ഞുവീഴാറായ കെട്ടിടത്തിനു പകരം പുതിയ സ്ഥലവും കെട്ടിടവും അനുവദിക്കണമെന്നു 2014 മുതൽ നിയമസഭയിൽ അന്നത്തെ എംഎൽഎ ബി.ഡി. ദേവസിയും ഇപ്പോൾ സനീഷ്കുമാർ ജോസഫ് എംഎൽഎയും ആവശ്യമുന്നയിച്ചിരുന്നു. ഫയർ സ്റ്റേഷൻ കെട്ടിട നിർമാണത്തിന് 50 സെന്റ് സ്ഥലം റവന്യു വകുപ്പിൽനിന്ന് അനുവദിക്കാൻ നടപടിയാരംഭിച്ചെന്നു മന്ത്രിമാർ മറുപടിയും നൽകി.
പിഡബ്ല്യുഡി മെക്കാനിക്ക് വർക്ക്ഷോപ്പ് സ്ഥിതി ചെയ്തിരുന്ന സ്ഥലം ഇറിഗേഷൻ വകുപ്പിന്റെ കൈയിലാണ്. ഫയർഫോഴ്സിന് കെട്ടിടം നിർമിക്കാൻ ഇറിഗേഷൻ വകുപ്പ് എൻഒസി നല്കുന്നില്ല. ഇതിനായി ജനപ്രതിനിധികൾ ശ്രമം നടത്തുണ്ടെങ്കിലും ഫയലിൽ കുരുങ്ങി. പോട്ട മിനി മാർക്കറ്റിന്റെ സ്ഥലം നൽകാനും ശ്രമം നടത്തിയെങ്കിയും ഫലവത്തായില്ല. ചാലക്കുടിയിൽ മുനിസിപ്പൽ ബസ് സ്റ്റാൻഡ് പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് നഗരസഭ ഫയർഫോഴ്സിനു നല്കിയത്. 1989 ഏപ്രിൽ 14 ന് അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരാണ് ഉദ്ഘാടനം ചെയ്തത്.
കാലപ്പഴക്കത്താൽ തകർച്ചയിലായ കെട്ടിടത്തിൽ 32 അഗ്നിരക്ഷാ ജീവനക്കാരുണ്ട്. മഴക്കാലത്തു ചോർന്നൊലിക്കും. രണ്ടു ശൗചാലത്തിൽ ഒന്നിന്റെ സ്ഥിതി ശോചനീയം. ഇഴജന്തുക്കളെ ഭയന്നുവേണം പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ. വയറിംഗ് തകരാർ കാരണം വൈദ്യുതി വിതരണവും താറുമാറാണ്. കെട്ടിടത്തിന്റെ മുകളിൽനിന്നു സിമെന്റ് കട്ടകളും അടർന്നുവീഴും. ഗാരേജിലാണു ജീവനക്കാർ വിശ്രമിക്കുന്നത്.
ഫയർ എൻജിനുകൾക്കുൾപ്പെടെ പാർക്ക് ചെയ്യാൻ ഇടമില്ല. ഇതിനാൽ ആംബുലൻസും മൾട്ടി യൂട്ടിലിറ്റി വെഹിക്കിളും മറ്റു സ്റ്റേഷനുകളിലേക്കു മാറ്റി. ദേശീയപാതയിലും അതിരപ്പിള്ളിയിലും മറ്റും സംഭവിക്കുന്ന അപകടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്ന ഫയർഫോഴ്സിനു മികച്ച സൗകര്യമൊരുക്കണമെന്നാണ് ആവശ്യം.