ചാവക്കാട്ട് ആകെ പരാതികൾ 4,468; പ്രതീക്ഷയോടെ പരാതിക്കാർ
1376119
Wednesday, December 6, 2023 1:46 AM IST
ചാവക്കാട്: നവകേരള സദസിൽ ചാവക്കാട്ടു ലഭിച്ചത് ആകെ 4,468 പരാതികൾ. രോഗം തളർത്തിയ കുടുംബവും ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് മറ്റൊരു കുടുംബവും പരാതി നൽകിയവരിലുണ്ട്. തെരഞ്ഞെടുപ്പിനു കെട്ടിവച്ച കാശ് തിരികെ കിട്ടാത്തയാളും പരാതി നൽകി പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
തിരുവത്ര കറുത്താറൻ മുഹമ്മദാണ് ക്ഷയരോഗം തളർത്തിയ കുടുംബത്തിന്റെ പരാതിയുമായെത്തിയത്. മുഹമ്മദിന്റെ ഏക മകൻ ബാദുഷ (29) കഴിഞ്ഞ ഏപ്രിലിൽ ക്ഷയരോഗം ബാധിച്ചു മരിച്ചു. ഭാര്യ ഫാത്തിമയ്ക്കും (49) അതേ അസുഖമാണ്. 24 മണിക്കൂറും ഓക്സിജൻ നൽകിയാണ് ജീവൻ നിലനിർത്തുന്നത്. ഇതോടെ വൈദ്യുതി ബില്ലും താങ്ങാനാവാത്ത നിലയിലേക്ക് ഉയർന്നു. വാടകവീട്ടിലാണ് താമസം. മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്ന വരുമാനത്തിലാണ് കുടുംബം പോറ്റുന്നത്. ഭാര്യയുടെ ശുശ്രൂഷയും വീട്ടുജോലിയും കഴിഞ്ഞ് ജോലിക്കു പോകാൻ കിട്ടുന്ന സമയവും കുറവ്. രോഗം പകരുമെന്ന ഭീതിയിൽ മരുമകളെയും മൂന്നും ഒന്നും വയസുള്ള പേരക്കുട്ടികളെയും മറ്റൊരിടത്ത് താമസിപ്പിച്ചിരിക്കുകയാണ്.
ഇവരുടെ സംരക്ഷണ ചുമതലയും മുഹമ്മദിനാണ്. ദുരിതത്തിൽനിന്നു കരകയറാൻ സഹായിക്കണമെന്നാണ് മുഖ്യമന്ത്രിയോട് മുഹമ്മദിന്റെ അഭ്യർഥന.
കുത്തേറ്റു മരിച്ച യൂത്ത് കോണ്ഗ്രസ് ബ്ലോക്ക് സെക്രട്ടറി മണത്തല ബേബി റോഡ് എ.സി. ഹനീഫയുടെ ഭാര്യയും മക്കളും ജീവനും സ്വത്തിനും സംരക്ഷണമാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് പരാതി നൽകിയത്. കുടുംബാംഗങ്ങൾ ഭീഷണിപ്പെടുത്തുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. 2015 ഓഗസ്റ്റ് ഏഴിനു നടന്ന കൊലപാതകം കോളിളക്കമുണ്ടാക്കിയിരുന്നു. മുനിസിപ്പൽ തെരഞ്ഞെടുപ്പിനു പത്രിക നൽകി പിന്നീടു പിൻവലിച്ചെങ്കിലും കെട്ടിവച്ച 2000 രൂപ തിരികെ കിട്ടിയില്ലെന്നാണ് പാലയൂർ ദേവസി ചൊവ്വല്ലൂരിന്റെ പരാതി. പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ദേവസിയും.
നവകേരള സദസ് സമാപിച്ചയുടൻ നഗരസഭാധ്യക്ഷ ഷീജ പ്രശാന്ത്, സെക്രട്ടറി ആനന്ദ് എന്നിവരുടെ നേതൃത്വത്തിൽ കുടുംബശ്രീ, ഹരിതകർമസേന അംഗങ്ങൾ എന്നിവർ ചേർന്ന് വേദിയും പരിസരവും ശുചിയാക്കി.