അനീഷയ്ക്ക് വീട്ടിലിരുന്ന് പരീക്ഷയെഴുതാം
1376116
Wednesday, December 6, 2023 1:46 AM IST
തൃശൂർ: പ്രഭാതയോഗത്തില്‍ എത്തിയ അനീഷയ്ക്ക് തന്റെ തുടര്പഠനത്തക്കുറിച്ചും രോഗാവസ്ഥയെക്കുറിച്ചുമായിരുന്നു പറയാനുണ്ടായിരുന്നത്. അസുഖത്തെ തുടര്‍ന്ന് അഞ്ചാംക്ലാസില്‍ പഠനം നിര്‍ത്തി വര്‍ഷങ്ങള്‍ക്കിപ്പുറം 32-ാം വയസില്‍ സാമൂഹികനീതി വകുപ്പിന്റെ പ്രത്യേക അനുമതിയില്‍ തളിക്കുളത്തെ തന്റെ വീട്ടിലിരുന്ന് സാക്ഷരതാ മിഷന്റെ ഏഴാംതരം പരീക്ഷ എഴുതി അനീഷ. ഇനി പത്താംതരം പരീക്ഷയും വീട്ടിലിരുന്ന് എഴുതണം, ജനറ്റിക് ടെസ്റ്റ് സൗജന്യമായി നടത്താനുള്ള സൗകര്യം മെഡിക്കല്‍ കോളജുകളില്‍ ഒരുക്കണം എന്നിവയായിരുന്നു ആവശ്യങ്ങള്‍.
അധികനേരം ഇരിക്കാനോ എഴുതാനോ കഴിയാത്തതിനാല്‍ പരീക്ഷാകേന്ദ്രങ്ങളിലെത്തുന്നത് അപ്രായോഗികമാണ്. മന്ത്രിമാരെ നേരില്‍കണ്ട് തന്റെ ആവശ്യങ്ങള്‍ പങ്കുവച്ചു. മന്ത്രി ആര്. ബിന്ദു തുടര്‍വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള എല്ലാ സഹായങ്ങള്‍ക്കും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന ഉറപ്പുനല്‍കി. അനീഷയെ കണ്ട് വിവരങ്ങള്‍ അന്വേഷിച്ച ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആവശ്യമായ എല്ലാ ആരോഗ്യസേവനങ്ങളും എത്രയും പെട്ടെന്ന് നൽകാമെന്നും ജനറ്റിക് ടെസ്റ്റ് ഉള്‍പ്പെടെയുള്ള ചികിത്സകള്‍ തുടങ്ങാമെന്നും ഉറപ്പു നല്കി.
സംസ്ഥാന ഭിന്നശേഷി ബെസ്റ്റ് റോള്‍ മോഡല്‍ 2023 അവാര്‍ഡ് ജേതാവ് കൂടിയാണ് അനീഷ. അറിയപ്പെടുന്ന ഒരു എഴുത്തുകാരിയാകാനാണ് അനീഷയ്ക്ക് ആഗ്രഹം. തളിക്കുളം പണിക്കവീട്ടില്‍ അഷറഫ് - ഫാത്തിമ ദമ്പതികളുടെ മകളാണ് അനീഷ.