കേന്ദ്ര സർക്കാർ ഞെരുക്കുന്നു: മുഖ്യമന്ത്രി
1376115
Wednesday, December 6, 2023 1:46 AM IST
പാവറട്ടി: വികസനപദ്ധതികളുമായി മുന്നേറാൻ കേന്ദ്രസർക്കാർ സഹായിക്കുന്നില്ലെന്നും സാമ്പത്തികമായി കേരളത്തെ ഞെരുക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
നവകേരളസദസ് പൊതുജനം ഏറ്റെടുത്തതോടെ വൻവിജയമായതായി മുഖ്യമന്ത്രി അവകാശപ്പെട്ടു.കേരളത്തിലെ പ്രതിപക്ഷം നവകേരള സദസ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തത് അവർക്കുതന്നെ തിരിച്ചടി ആയിരിക്കുകയാണ്.
എന്തിനാണ് നവകേരള സദസിനെ എതിർക്കുന്നത് എന്നാണ് ജനങ്ങൾ തിരിച്ചുചോദിക്കുന്നത്. ജനങ്ങൾ ആരുടെയും ആജ്ഞാനുവർത്തികളല്ല. ഓരോ ജില്ലകൾ പിന്നിടുമ്പോഴും നവകേരള സദസിനുള്ള ജനകീയപിന്തുണ വർധിച്ചു കൊണ്ടിരിക്കുകയാണ്: മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, ചിഞ്ചുറാണി, വി.എൻ. വാസവൻ എന്നിവർ സംസാരിച്ചു. പാവറട്ടി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന നവകേരള സദസിൽ മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷത വഹിച്ചു. രാവിലെ മാലിന്യമുക്തപ്രതിജ്ഞയോടെയാണ് നവകേരളസദസ് ആരംഭിച്ചത്. മറ്റു മന്ത്രിമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവരും സന്നിഹിതരായി.