എംപിമാര്‍ പ്രതികരിക്കണം: മുഖ്യമന്ത്രി
1376113
Wednesday, December 6, 2023 1:46 AM IST
മണ്ണുത്തി: കേന്ദ്രം കേരളത്തെ സാമ്പത്തികമായും നയപരമായും തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ പാര്‍ലമെന്റില്‍ ശക്തമായി കേരളത്തിനുവേണ്ടി വാദിക്കാന്‍ എംപിമാര്‍ തയാറാവണമെന്നു മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടു. ഒല്ലൂര്‍ നിയോജകമണ്ഡലത്തില്‍ നവകേരള സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എംപിമാര്‍ ഇതുവരെയും കേരളത്തിനുവേണ്ടി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തയാറായിട്ടില്ല. അവിടെ സംസാരിച്ച് ബിജെപിയുടെ അപ്രീതി സമ്പാദിക്കാന്‍ തയാറാവാത്തതാണ് കാരണം. കേരളത്തിനു വേണ്ടി സംസാരിക്കാന്‍ എംപിമാരോടു സര്‍ക്കാര്‍തന്നെ ആവശ്യപ്പെട്ടിട്ടും കേരളത്തെ കൈയൊഴിയുന്ന നിലപാടാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി,
നവകേരളസദസിന്റെ വേദിമാറ്റം യഥാര്‍ഥത്തില്‍ അനുകൂലമാകുകയാണ് ഉണ്ടായത്. സര്‍ക്കാരിനൊപ്പമാണ് ജനങ്ങൾ എന്നതിന്റെ തെളിവാണ് മണ്ണുത്തിയിലെ ജനപങ്കാളിത്തം. പുത്തൂരില്‍ ഇത്രയും പേരെ ഉൾക്കൊള്ളാന്‍ കഴിയാത്ത അവസ്ഥ ഒഴിവായിക്കിട്ടി. ഓരോ നവകേരളസദസ് കഴിയുമ്പോഴും നിങ്ങള്‍ ധൈര്യമായി മുന്നോട്ടുപോകുക, ഞങ്ങൾ ഒപ്പം ഉണ്ട് എന്ന സന്ദേശമാണ് ജനങ്ങളില്‍നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാരിന്റെ എക്കാലത്തെയും അഭിമാനമാണെന്നു മന്ത്രി കെ. രാജന് അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ഫണ്ടില്ല എന്ന കാരണത്താല്‍ വൈകിക്കൊണ്ടിരുന്ന പാര്‍ക്കിന്റെ നിര്‍മാണം എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് പുനരുജ്ജീവിപ്പിച്ചതും കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി ലോകോത്തരനിലവാരത്തില്‍ പണിതീര്ക്കാനായതും. ഇതില്‍ എതിര്‍പ്പുള്ളവരാണ് സുവോളജിക്കല്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങളെ വൈകിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിനവസരം നല്കാന് കഴിയില്ല എന്നതിനാലാണ് വേദി മാറ്റാന്‍ സര്‍ക്കാര്‍തന്നെ തിരുമാനിച്ചതെന്നും മന്ത്രി രാജന് പറഞ്ഞു.