സ്വകാര്യ സര്‍വകലാശാലകൾ നടപ്പാക്കും
1376112
Wednesday, December 6, 2023 1:46 AM IST
സ്വന്തം ലേഖകൻ
തൃശൂര്‍: സ്വകാര്യ സര്‍വകലാശാലകള്‍ നടപ്പാക്കുന്നതിനുള്ള ബില്ലുകള്‍ സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഉന്നത വിദ്യാഭ്യാസരംഗത്തു വലിയ രീതിയിലുള്ള മാറ്റങ്ങള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ലോകമെമ്പാടും വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങളാണ് നടക്കുന്നത്. നമ്മുടെ വിദ്യാഭ്യാസരംഗത്തും അത്തരത്തിലുള്ള കാലോചിതമായ മാറ്റത്തിനാണ് ശ്രമം.
ഇസാഫ് എംഡി പോള്‍ കെ. തോമസാണ് പ്രഭാതസദസിൽ സ്വകാര്യസര്‍വകലാശാലകള്‍ നടപ്പാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന ആവശ്യമുന്നയിച്ചത്. വിദ്യാര്ഥികളടക്കമുള്ളവര്ക്കു പാര്‍ട്ട് ടൈം ജോലി ഒരുക്കുക എന്നത് നല്ല ആശയമാണ്. തൊഴില്‍മേഖല പരിഷ്കരിക്കുന്നത് വിശദമായി ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്. ഇക്കാര്യത്തില്‍ തൊഴിലാളിസംഘടനകളുമായുള്ള ചര്‍ച്ചകളിലേക്കു സര്‍ക്കാര്‍ കടക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രൈവറ്റ് എയ്ഡഡ് സര്‍വകലാശാലകള്‍ സ്ഥാപിക്കണമെന്ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജോണി ആന്‍ഡ്രൂസ് ആവശ്യപ്പെട്ടു.
എയ്ഡഡ് - സര്‍ക്കാര്‍ വിഹിതം 50 ശതമാനം വീതം പങ്കാളിത്തത്തോടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തില്‍ കലാലയ മേഖലയെയും കൂടി ഉള്‍പ്പെടുത്തണം. എയ്ഡഡ് മേഖലയെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാര്‍ തുടരുമെന്ന് മുഖ്യമന്ത്രി മറുപടി നല്കി. നവകേരള സദസിന്റെ ഭാഗമായി തൃശൂര്‍ ദാസ് കോണ്ടിനെന്റല് ഹോട്ടലില്‍ നടന്ന പ്രഭാതയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാര്‍ എന്നിവര്‍ ക്ഷണിക്കപ്പെട്ട അതിഥികളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കേട്ടു.ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാരിനു നീക്കമില്ലെന്ന് കേരള മുസ്ലിം ജമാഅത്ത് ചെയര്മാന് സയ്യീദ് ഫസല്‍ തങ്ങള്‍ ഉന്നയിച്ച പ്രശ്നത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. പോലീസ് സ്റ്റേഷന് പരിസരത്തുകിടക്കുന്ന പഴയ വാഹനങ്ങള്‍ നീക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
തൃശൂര്‍ റൗണ്ട് കൂടുതല്‍ മനോഹരമാക്കുന്നതിന് സര്‍ക്കാര്‍ പിന്തുണ നല്‍കും. ചരിത്രവും പ്രകൃതിസൗന്ദര്യവും കൊണ്ട് സമ്പന്നമായ പാവറട്ടി കേന്ദ്രീകരിച്ചു ടൂറിസം പദ്ധതികള്‍ ആരംഭിക്കണമെന്നായിരുന്നു പാവറട്ടി പള്ളിവികാരിയായ ഫാ. ജോണ്സണ് ഐനിക്കലിന്റെ ആവശ്യം. പെരിങ്ങാട് പുഴയുടെ അഞ്ചുകിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം സംരക്ഷിതവനമാക്കാനുള്ള നീക്കം ആശങ്കയുളവാക്കുന്നതായി ചൂണ്ടിക്കാട്ടിയപ്പോള്‍ പ്രദേശവാസികള്‍ക്കു ബുദ്ധിമുട്ടുണ്ടാകാത്ത രീതയിലുള്ള നടപടികള്‍ സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.