സിഗ്നൽ വെട്ടിച്ച് മുന്നിലെത്താൻ സർവീസ് റോഡ് ഉപയോഗിക്കുന്നു
1375992
Tuesday, December 5, 2023 6:29 AM IST
മുരിങ്ങൂർ: ദേശീയപാത മുരിങ്ങൂരിൽ സിഗ്നൽ കാത്തുകിടക്കുന്ന വാഹനങ്ങളുടെ മുന്നിലെത്താൻ വലിയ വാഹനങ്ങൾ സർവീസ് റോഡ് ഉപയോഗിക്കുന്നതായി യാത്രക്കാർ. ചാലക്കുടി ഭാഗത്ത് നിന്നും മുരിങ്ങൂർ ഡിവൈൻനഗർ മേൽപ്പാലം കയറിയിറങ്ങി വരുന്ന വാഹനങ്ങൾ സഞ്ചരിച്ചിരുന്ന ട്രാക്കുകൾപോലും നോക്കാതെയാണ് തൊട്ടടുത്തുള്ള ഉപറോഡിലേക്ക് പ്രവേശിക്കുന്നത്.
വലിയ വാഹനങ്ങൾ സർവീസ് റോഡ് ഉപയോഗിക്കുമ്പോൾ പിന്നാലെ വരുന്ന മറ്റു വാഹനയാത്രക്കാർ മുന്നിൽ തടസമുള്ളതു കൊണ്ടാവാം വഴിതിരിച്ചു വിടുന്നതെന്നും തെറ്റിദ്ധരിച്ച് ദേശീയപാത ഒഴിഞ്ഞുകിടന്നിട്ടും യാത്ര തുടർന്നവരുമുണ്ട്. നേരത്തെ കെഎസ്ആർടിസി, സ്വകാര്യ ബസുകളും ചെറു വാഹനങ്ങളുമാണ് ഇതുവഴി പോയിരുന്നത്. ഏതാനും ദിവസങ്ങളായി ഉപറോഡിലും ഗതാഗതതടസം നേരിടുന്നുണ്ട്.
ഡിവൈൻ നഗർ അടിപ്പാതയിലൂടെ മേലൂർ ഭാഗത്തേക്കു വരുന്ന വാഹന യാത്രക്കാർ ഏറെനേരം കാത്തു നിൽക്കേണ്ട അവസ്ഥയിലാണ്. ചെറു വാഹനങ്ങൾ അപകടത്തിലാവാൻ സാധ്യത വർധിപ്പിക്കുന്നതായി നാട്ടുകാർ പറയുന്നു. വലിയ വാഹനങ്ങൾക്ക് നിയന്ത്രണവും സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്താൻ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.